റാപ് സിംഗർ യാസിറും ദൃശ്യ ടീച്ചറും ഇവിടുണ്ട്
1481109
Friday, November 22, 2024 6:13 AM IST
പയ്യന്നൂർ: വൈറൽ കുട്ടി റാപ് സിംഗർ യാസിർ സിനോജ് ഇംഗ്ലീഷ് സ്കിറ്റിൽ പങ്കെടുക്കാൻ കലോത്സവ വേദിയിലെത്തി. മെരുവമ്പായി എംയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ യാസിർ തകർത്ത് പാടിയ 45 സെക്കൻഡ് നീളുന്ന "പഠിക്കുന്നത് വല്യേതോ സ്ഥലത്താണ്' എന്ന ബീവി റാപ് സോംഗ് 10 മില്യണിൽ കൂടുതലാളുകളാണ് കണ്ടത്. പാട്ട് ഇപ്പോഴും സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ്.
സ്കൂളിലെ സർഗവേളയിൽ മുഹമ്മദ് യാസീൻ സിനോജ് പാടിയത് ക്ലാസ് അധ്യാപിക എം.ദൃശ്യ ഫോണിൽ പകർത്തുകയും സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പാട്ട് ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
സിനിമാ മേഖലയിലെ ഹേമ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ളയെ വിഷയമാക്കി സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെയുള്ള 'സർജിക്കൽ വൈപ്പ് ഔട്ട്' എന്ന ഇഗ്ലീഷ് സ്കിറ്റാണ് യാസിറും കൂട്ടുകാരും അവതരിപ്പിച്ചത്.
സ്കൂൾ ടീച്ചർമാരായ ദൃശ്യ,നിമിഷ, ഷമിത, സെറിൻ എന്നിവർ ചേർന്നാണ് സ്കിറ്റ് ഒരുക്കിയത്.സ്കിറ്റ് രണ്ടാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഉമ്മ ഹസ്നത്ത്, കുഞ്ഞനിയൻ അമീർ, ഉമ്മൂമ്മ സീനത്ത്, അമ്മാവൻ ആബിദ് എന്നിവർക്കൊപ്പമാണ് യാസിർ കലോത്സവ നഗരിയിൽ എത്തിയത്.