ദേശീയപാതയിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കും: കളക്ടര്‍
1480568
Wednesday, November 20, 2024 6:23 AM IST
കാസർഗോഡ്: ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറിൽ യോഗം ചേര്‍ന്നു.
മൂന്നുദിവസത്തിനകം തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയ പാത പരിശോധിച്ച് സുരക്ഷിതത്വം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് കളക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാത നിര്‍മാണ കമ്പനികള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. കര്‍ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ ദിശാ സൂചകങ്ങള്‍ സ്ഥാപിക്കും.
നിര്‍മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിൽ സൂചകങ്ങൾ സ്ഥാപിക്കും. അടിപ്പാതയുള്ള റോഡുകളിൽ കോൺകേവ് ലെൻസുകൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ടെന്ന് കളക്ടർ പറഞ്ഞു. റിഫ്ലക്ടറുകള്‍ കൃത്യമായി സ്ഥാപിക്കുകയും സര്‍വീസ് റോഡുകളിലെ ഇളകിയ സ്ലാബുകള്‍ ഉറപ്പിക്കുകയും ചെയ്യണം.
കാഞ്ഞങ്ങാട്-പാണത്തൂര്‍, കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതകളിലും മലയോര ഹൈവേയിലും സുരക്ഷ ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി.
ശബരിമല സീസണിനോടനുബന്ധിച്ച് ഹോട്ടലുകളിലും പരിശോധന നടത്തും. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കും. പോലീസിന്റെ രാത്രികാല ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്താനും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ജയരാജ് തിലക്, എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റെജി കുര്യാക്കോസ്, ഡിസിആര്‍ബി എഎസ്ഐ സുഭാഷ് ചന്ദ്രന്, ദേശീയപാത അഥോറിറ്റി ലെയ്സണ്‍ ഓഫീസര്‍ കെ. സേതുമാധവന്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ. ജമാല്‍ അഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, നിര്‍മാണ കമ്പനികളുടെ പ്രതിനിധികളായ എം. നാരായണന്, എസ്.എം. കാര്‍ഡ റെഡ്ഡി, അജിത്ത് കുമാര്‍, പി.വി. ഭാസ്കരന് എന്നിവർ പങ്കെടുത്തു.