പൊതുമരാമത്ത് കരാറുകാരനും സൂപ്രണ്ടിംഗ് എന്ജിനിയര്ക്കുമെതിരേ കേസെടുത്തു
1481106
Friday, November 22, 2024 6:13 AM IST
കാഞ്ഞങ്ങാട്: രണ്ടുകോടി രൂപ വായ്പയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ പൊതുമരാമത്ത് കരാറുകാരനും സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ക്കുമെതിരെ മേല്പറമ്പ പോലീസ് കേസെടുത്തു.
കളനാട്ടെ കെ.എ. അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ കരാറുകാരന് ചെങ്കള കനിയടുക്കത്തെ കെ.എ. കലന്തര്‍ ഷാ, കോഴിക്കോട് പൊതുമരാമത്ത് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ടി.എസ്. സിന്ധുവിനുമെതിരെയാണ് കേസ്. 2015 മാര്‍ച്ചില്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറുമായി ഗൂഢാലോചന നടത്തി സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി ടൗണുകളിലെ ഡ്രൈനേജ്, ഫുട്പാത്ത് എന്നിവ നവീകരിക്കുന്നതിനുള്ള കോണ്‍ട്രാക്ട് ആവശ്യത്തിന് കേരള ഫൈനാന്‍സ് കോര്‍പറേഷനില്‍ നിന്നും രണ്ടു കോടി രൂപ വായ്പ എടുക്കുവാനായി പരാതിക്കാരന് കളനാട്ടുള്ള 1.86 ഏക്കര്‍ സ്ഥലം പണയപ്പെടുത്തിയെന്നാണ് പരാതി. പണി പൂര്‍ത്തിയായ ശേഷം പണം ബാങ്കില്‍ അടയ്ക്കാതെ ചതി ചെയ്തെന്നാണ് കേസ്.
വായ്പ തുക ബാങ്കില്‍ നേരിട്ട് അടക്കാതെ സൂപ്രണ്ട് കരാറുകാരന് നല്‍കിയെന്നും കരാറുകാരന് ബാങ്കിലടച്ചില്ലെന്നുമാണ് പരാതി. ഹൊസുര്ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസ്.