മലയോര പഞ്ചായത്തുകളിൽ വാർഡുകളുടെ പേരും അതിർത്തികളും മാറിമറിയും
1480884
Thursday, November 21, 2024 7:37 AM IST
വെള്ളരിക്കുണ്ട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനത്തിന്റെ കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ മലയോര പഞ്ചായത്തുകളിലെ വാർഡുകളുടെ പേരിലും അതിർത്തികളിലും ഗണ്യമായ മാറ്റങ്ങൾ. എല്ലാ പഞ്ചായത്തുകളിലും നിലവിലുള്ള വാർഡുകളിൽ ചിലത് ഇല്ലാതാവുകയോ അതിർത്തികൾ മാറിമറിഞ്ഞ് പുതിയ വാർഡുകൾ രൂപംകൊള്ളുകയോ ചെയ്യുന്നുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ രണ്ട് വാർഡുകളാണ് കൂടുതലായി ഉണ്ടാകുന്നത്. നിലവിലുള്ള അഞ്ച് വാർഡുകൾ ഇല്ലാതാക്കി പകരം ഏഴ് പുതിയ വാർഡുകൾ രൂപീകരിക്കാനാണ് നിർദേശമുള്ളത്. പള്ളിക്കുന്ന്, മലാങ്കടവ്, ഏണിച്ചാൽ, നല്ലോംപുഴ, വെള്ളരിക്കുണ്ട് വാർഡുകളാണ് ഇല്ലാതാവുക. പകരം ചിറ്റാരിക്കാൽ സൗത്ത്, ഈട്ടിത്തട്ട്, ചാവറഗിരി, ഓടക്കൊല്ലി, മുനയംകുന്ന്, അരിമ്പ, കണ്ണിക്കുന്ന് എന്നിങ്ങനെയാണ് പുതിയ വാർഡുകൾ രൂപീകരിക്കാൻ നിർദേശമുള്ളത്. നിലവിൽ ആകെ 16 വാർഡുകളുള്ളത് ഇതോടെ 18 ആകും.
വെസ്റ്റ് എളേരി പഞ്ചായത്തിൽ ഒരു വാർഡാണ് അധികമായി വരുന്നത്. ചീർക്കയം, ഓട്ടപ്പടവ് വാർഡുകൾ പുതുതായി രൂപീകരിക്കുമ്പോൾ നിലവിലുള്ള കുന്നുംകൈ വാർഡ് ഇല്ലാതാകും. മറ്റു വാർഡുകളുടെയൊന്നും പേരിൽ വ്യത്യാസം വരുന്നില്ലെങ്കിലും അതിർത്തികൾ മാറിമറിയുന്നുണ്ട്. ആകെ 18 വാർഡുകളുള്ളത് 19 ആകും.
ബളാൽ പഞ്ചായത്തിൽ കരുവള്ളടുക്കത്താണ് പുതിയ വാർഡിന് നിർദേശമുള്ളത്. നിലവിലുള്ള 16 വാർഡുകളുടെയും പേരിൽ മാറ്റമില്ല. എന്നാൽ അതിർത്തികളിൽ മാറ്റമുണ്ട്.
കള്ളാർ പഞ്ചായത്തിൽ കരിന്ത്രംകല്ല് എന്ന പേരിലാണ് പുതിയ വാർഡ് വരുന്നത്. നിലവിലുള്ള വാർഡുകളുടെയൊന്നും പേര് മാറുന്നില്ലെങ്കിലും അതിർത്തികൾ കാര്യമായി മാറുന്നുണ്ട്. ആകെ 14 വാർഡുകളുള്ളത് 15 ആകും.
പനത്തടി പഞ്ചായത്തിൽ പരിയാരം, ബളാന്തോട് എന്നിങ്ങനെയാണ് രണ്ട് പുതിയ വാർഡുകൾ കൂടുന്നത്. മറ്റു വാർഡുകളുടെയൊന്നും പേരിൽ മാറ്റമില്ല. വാർഡുകളുടെ എണ്ണം 15 ൽ നിന്ന് 17 ആകും.
കോടോം ബേളൂരിൽ എരുമക്കുളം, ആലത്തടി, പേരിയ, ലാലൂർ എന്നിങ്ങനെ നാല് പുതിയ വാർഡുകൾ രൂപീകരിക്കുമ്പോൾ നിലവിലുള്ള ഉദയപുരം, ചേരളം വാർഡുകൾ ഇല്ലാതാകും. മറ്റ് വാർഡുകളുടെയെല്ലാം അതിർത്തികളിൽ കാര്യമായ മാറ്റം വരുന്നുണ്ട്. ആകെ 19 വാർഡുകൾ ഉണ്ടായിരുന്നത് 21 ആകും.
കിനാനൂർ കരിന്തളത്ത് കാലിച്ചാമരം, കണിയാട എന്നിങ്ങനെ രണ്ട് പുതിയ വാർഡുകൾ വരും. ആകെ വാർഡുകളുടെ എണ്ണം 17 ൽ നിന്ന് 19 ആകും.
വാർഡുകളുടെ പുതിയ അതിരുകൾ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, റേഷൻ കടകൾ എന്നിവിടങ്ങളിലും ലഭ്യമാണ്.
വ്യക്തികൾക്കും സംഘടനകൾക്കും ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ മുമ്പാകെയോ സമര്‍പ്പിക്കാം.