വാഴക്കർഷകരോട് ഇങ്ങനെ ചെയ്യല്ലേ...
1480339
Tuesday, November 19, 2024 7:31 AM IST
കാഞ്ഞങ്ങാട്: പ്രകൃതിയും മനുഷ്യരും വന്യജീവികളും നടത്തുന്ന പരീക്ഷണങ്ങൾക്കിടയിൽ തളർന്നുപോവുമ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ ഓരോ വർഷവും കൃഷിയിറക്കുന്നവരാണ് കാഞ്ഞങ്ങാട് അരയി പ്രദേശത്തെയും മടിക്കൈയിലെയും വാഴകൃഷിക്കാർ. കഴിഞ്ഞ ഏതാനും വർഷമായി വിളവെടുക്കാറാകുമ്പോൾ ഏതെങ്കിലും തരത്തിൽ അവരുടെമേൽ വന്നുവീഴുന്ന ഇരുട്ടടി ഇത്തവണ ഒന്നുകൂടി നേരത്തേയായി. നേന്ത്രവാഴക്കന്നുകൾ രണ്ടുമാസം വളർച്ചയെത്തി നില്ക്കുമ്പോൾ പുഴവെള്ളം കയറി നല്ലൊരു ഭാഗവും മുങ്ങിത്താഴ്ന്ന നിലയിലാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കൻ പ്രദേശങ്ങളായ അരയി, കാർത്തികവയൽ തുടങ്ങി പനങ്കാവ് വരെയുള്ള ഏക്കറു കണക്കിന് കൃഷിയിടങ്ങളിലെ ഒന്നരലക്ഷത്തോളം വാഴത്തൈകളാണ് വെള്ളംകയറി നശിച്ചത്.
മഴക്കാലം ഏതാണ്ട് പിന്മാറി ചൂടും മഞ്ഞുമുള്ള കാലാവസ്ഥയിലേക്ക് കടക്കുമ്പോൾ ഇതുവരെയുണ്ടാകാത്തവിധം പുഴ നിറഞ്ഞുകവിയാനിടയായതിനു കാരണം, രണ്ടിടങ്ങളിൽ പാലങ്ങൾ നിർമിക്കാനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടഞ്ഞതാണ്. ദേശീയപാതാ വികസനത്തോടനുബന്ധിച്ച് പുതിയ പാലം നിർമിക്കാനായി നിലവിലുള്ള പാലത്തിന് സമീപവും അവിടെനിന്ന് അല്പം കിഴക്കുമാറി നീലേശ്വരം നഗരത്തിലേക്ക് പുതിയ വഴി തുറക്കാനായി കച്ചേരിക്കടവിലും പുതിയ പാലങ്ങളുടെ പണി നടക്കുകയാണ്.
മഴ മാറിക്കിട്ടിയ ഉടൻതന്നെ പണി വീണ്ടും തുടങ്ങാനായി പുഴയിൽ മണ്ണിട്ടുനികത്തിയതാണ്. ഇതോടെയാണ് കിഴക്കുഭാഗത്ത് 10 കിലോമീറ്ററോളം ദൂരത്തിൽ പുഴയിലെ വെള്ളമത്രയും കയറി വാഴത്തോട്ടങ്ങൾ വെള്ളത്തിനടിയിലായത്.
ഒന്നുരണ്ട് മാസം കൂടി കാത്തുനിന്നിരുന്നെങ്കിൽ വേനൽക്കാലം തുടങ്ങി പുഴയിലെ ജലനിരപ്പ് കുറച്ചുകൂടി താഴുമായിരുന്നു. അപ്പോൾ പാലംപണിക്ക് ബണ്ട് കെട്ടാൻ ഇത്രയും മണ്ണ് വേണ്ടിവരില്ലായിരുന്നു. അവശേഷിച്ച പുഴവെള്ളം വേനലിൽ വരണ്ടുണങ്ങുന്ന വാഴത്തോട്ടങ്ങളിലേക്ക് ഒഴുകിയിരുന്നെങ്കിൽ കർഷകർക്കും ആശ്വാസമാകുമായിരുന്നു. പക്ഷേ അതൊന്നും ചിന്തിക്കാൻപോലും ബന്ധപ്പെട്ടവർക്ക് നേരമില്ലായിരുന്നു എന്നുവേണം കരുതാൻ.
മഴക്കാലം കഴിഞ്ഞ് കാടുവന്ന് മൂടിയ കൃഷിയിടങ്ങൾ വൃത്തിയാക്കി കിളച്ചുമറിച്ചാണ് വാഴവിത്തുകൾ നടുന്നത്. ഒരു വാഴക്കന്നിന് 20 രൂപയാണ് വില. ഇതുവരെയുള്ള കൂലിച്ചെലവും വളവുമെല്ലാംകൂടി ഒരു കന്നിന് നൂറു രൂപയെങ്കിലും ഇതുവരെ ചെലവാക്കിയിട്ടുണ്ട്. മിക്കവരും വാഴക്കന്നുകൾക്കിടയിൽ കിളച്ചു വൃത്തിയാക്കിയിട്ട സ്ഥലത്ത് ചീരയം പയറുമെല്ലാം വളർത്തിയിരുന്നു. ഇതെല്ലാം ഇപ്പോൾ വെള്ളംകയറി നശിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മഴക്കാലത്ത് വാഴത്തോട്ടങ്ങൾ വെള്ളംകയറി നശിച്ച അനുഭവമുള്ളതിനാൽ അതിനു മുമ്പേ വിളവെടുക്കാവുന്ന രീതിയിൽ ഓണക്കാലത്താണ് ഇത്തവണ വാഴവിത്തുകൾ നട്ടത്. കാലാവസ്ഥയുടെ വലിയ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാൽ രണ്ടുമാസംകൊണ്ട് വാഴത്തൈകൾ നല്ല വളർച്ചയെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വയലിന്റെ പല ഭാഗങ്ങളിലേക്കും കർഷകർക്ക് പോകാൻപോലും കഴിയാത്തവിധത്തിൽ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതുവരെയുള്ള കൃഷിച്ചെലവുകൾ വച്ചുമാത്രം ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മനുഷ്യനിർമിതമായ ദുരന്തം മൂലമുണ്ടായ നഷ്ടം ഇനി ആരു നികത്തുമെന്ന ചോദ്യത്തിനു മുന്നിൽ അധികൃതരും ഒളിച്ചുകളിക്കുന്നു.