നാടിന്റെ പ്രാദേശിക ചരിത്രം തേടി നെഹ്റു കോളജ് വിദ്യാർഥികൾ
1480565
Wednesday, November 20, 2024 6:23 AM IST
നീലേശ്വരം: ദേശീയവും അന്തർദേശിയവുമായ ചരത്രപഠനത്തോടൊപ്പം നാടിന്റെ പ്രാദേശിക ചരിത്രവും അന്വേഷിച്ച് കണ്ടെത്താൻ പഠനയാത്ര നടത്തി വിദ്യാർഥികൾ. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നാലു വർഷ ബിരുദകോഴ്സിന്റെ ഭാഗമായി ചരിത്രവിഷയങ്ങൾ പഠിക്കുന്ന ആദ്യബാച്ച് വിദ്യാർഥികളാണ് അധ്യാപകർക്കൊപ്പം പടന്നക്കാട്ടെ ചരിത്ര സ്മാരകങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചത്. പടന്നക്കാട്, കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ശവപ്പറമ്പ്, കടിഞ്ഞിമൂല, തീർത്ഥങ്കര, കടഞ്ഞത്തൂർ എന്നീ സ്ഥലനാമങ്ങളുടെ പെരുൾതേടി പ്രദേശവാസികളുമായി വിദ്യാർഥികൾ സംവദിച്ചു.
കടഞ്ഞത്തൂർ ആസ്ഥാനമായി ഒരുകാലത്ത് നിലനിന്നിരുന്ന ഭരണക്രമത്തെക്കുറിച്ചും തീർത്ഥങ്കര, കടിഞ്ഞിമൂല തുടങ്ങിയ സ്ഥലങ്ങൾക്ക് പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരി ക്ഷേത്രവുമായുള്ള ബന്ധത്തെക്കുറിച്ചും വിദ്യാർഥികൾ മനസിലാക്കി.
ദേശാടനപക്ഷികളുടെ സങ്കേതവും വിവിധയിനം പൂമ്പാറ്റകളുടേയും ജലജീവികളുടേയും സസ്യങ്ങളുടെയും ആവാസ കേന്ദ്രവുമായ തീർത്ഥങ്കര തടാകക്കരയിലും വിദ്യാർഥിസംഘമെത്തി.
തീർത്ഥങ്കരയിലെ താമരക്കുളത്തിന് നീലേശ്വരം രാജവംശവുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തി. പടന്നക്കാടിന്റെ സാംസ്കാരിക-സാമൂഹ്യ ചരിത്രം എന്ന വിഷയത്തിൽ ചരിത്രവിഭാഗം മധാവി ഡോ. നന്ദകുമാർ കോറോത്ത് ക്ലാസെടുത്തു. ഡോ.എ.എം. അജേഷ് അധ്യക്ഷത വഹിച്ചു.
എ. ശ്രീഷ്മ, വിപഞ്ചിക സന്തോഷ് എന്നിവർ പ്രസംഗിച്ചു. നാലുവർഷ ബിരുദ കോഴ്സിന്റെ ഭാഗമായാണ് സയൻസും കോമേഴ്സും ഐഛിക വിഷയമായെടുത്ത വിദ്യാർഥികൾക്കും ചരിത്രം പഠിക്കാൻ അവസരം ലഭിച്ചത്.