ആളും അലമാരകളുമൊഴിഞ്ഞ് മാവേലി സ്റ്റോറുകൾ
1481098
Friday, November 22, 2024 6:13 AM IST
കാഞ്ഞങ്ങാട്: ഓണക്കാലത്തുണ്ടായ ചെറിയ ഉണർവ് കഴിഞ്ഞപ്പോൾ കാലിയായ മാവേലി സ്റ്റോറുകളിൽ രണ്ടുമാസം പിന്നിട്ടിട്ടും കാര്യമായി സാധനങ്ങളൊന്നും എത്തിയില്ല. ഒഴിഞ്ഞുകിടക്കുന്ന അലമാരകൾക്കും ആളൊഴിഞ്ഞ കൗണ്ടറിനുമിടയിൽ വെറുതേയിരിക്കാനാണ് മിക്കയിടങ്ങളിലും ജീവനക്കാരുടെ യോഗം. ഓരോ മാസവും വിൽപ്പന അടിക്കടി കുറയുന്നത് ജീവനക്കാരുടെ ഇൻസെന്റീവിനെയും ബാധിക്കുന്നു.
കാഞ്ഞങ്ങാട് നഗരത്തിലെ പീപ്പിൾസ് ബസാറിലും സമീപപ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളിലും പഞ്ചസാരയും കുറുവ അരിയും തുവരപ്പരിപ്പും മുളകും മാത്രമാണ് സബ്സിഡി സാധനങ്ങളായി ഉള്ളത്. പച്ചരിയും ഉഴുന്നും ചെറുപയറും വെളിച്ചെണ്ണയുമൊക്കെ ഇല്ലാതായിട്ട് മാസങ്ങളായി. പഞ്ചസാരയും ഉഴുന്നുമടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയിട്ടും സാധനങ്ങൾ കൃത്യമായി എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
മിക്കയിടങ്ങളിലും ഓണത്തിനെത്തിയ സ്റ്റോക്ക് തീരുന്നതുവരെ മാത്രമാണ് പല സാധനങ്ങളും ഉണ്ടായിരുന്നത്. അതിനുശേഷം രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ സ്റ്റോക്ക് എത്തിയിട്ടില്ല. ഇനി ക്രിസ്മസിനെങ്കിലും എത്തുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാൻ ജീവനക്കാർക്ക് കഴിയുന്നില്ല. സബ്സിഡി സാധനങ്ങളിൽ പകുതിയിലേറെയും പതിവായി കിട്ടാതായതോടെ അന്വേഷിച്ചെത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. ഇങ്ങനെയായാൽ സപ്ലൈകോയുടെ ചെറിയ ഔട്ട്ലെറ്റുകൾ ഇനി എത്രകാലമുണ്ടാകും എന്ന സംശയമാണ് ബാക്കിയുള്ളത്.