ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: വീണ്ടും ദുർഗ സ്കൂളിന്റെ മേൽക്കൈ
1481099
Friday, November 22, 2024 6:13 AM IST
മാലക്കല്ല്: ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നു വിഭാഗങ്ങളിലും ഒന്നാംസ്ഥാനത്തെത്തി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മേൽക്കൈ നിലനിർത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 204 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 233 പോയിന്റും യുപി വിഭാഗത്തിൽ 78 പോയിന്റും നേടിയാണ് ദുർഗ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 202 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 127 പോയിന്റും നേടി നീലേശ്വരം രാജാസ് എച്ച്എസ്എസ് രണ്ടാംസ്ഥാനത്തെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 196 പോയിന്റോടെ ഹൊസ്ദുർഗ് ജിഎച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ 125 പോയിന്റോടെ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ ഗേൾസ് എച്ച്എസ്എസുമാണ് മൂന്നാമത്.
യുപി വിഭാഗത്തിൽ 76 പോയിന്റുമായി ആതിഥേയരായ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ രണ്ടാമതെത്തിയപ്പോൾ 74 പോയിന്റ് വീതം നേടിയ പുല്ലൂർ ഇരിയ ജിഎച്ച്എസ്, നീലേശ്വരം രാജാസ് എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
എൽപി വിഭാഗത്തിൽ മാലക്കല്ല് സെന്റ് മേരീസ് എയുപിഎസ്, കോടോത്ത് ഡോ. അംബേദ്കർ ജിഎച്ച്എസ്എസ് എന്നിവർ 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. കീക്കാംകോട്ട് ജിഎൽപിഎസ്, നീലേശ്വരം ജിഎൽപിഎസ്, ഹൊസ്ദുർഗ് യുബിഎംസി എഎൽപിഎസ് എന്നിവർ 63 വീതം പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലും കള്ളാർ എഎൽപി സ്കൂളിലുമായി നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ, ഫാ. ഡിനോ കുമ്മനിക്കാട്ട്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ്, എഇഒ മിനി ജോസഫ്, എച്ച്. വിഘ്നേശ്വര ഭട്ട്, എം.എ. സജി, കെ.വി. രാജീവൻ, പി. സുബീർ, എ. റഫീഖ്, കെ.ജെ. സജി, ബിജു പി. ജോസഫ്, ഷൈനി ടോമി, മിസ്രിയ എന്നിവർ പ്രസംഗിച്ചു.