കാഞ്ഞങ്ങാട് നഗരത്തിൽ പൈതൃക ഇടനാഴിയുടെ സാധ്യത പരിശോധിച്ച് കളക്ടര്‍
1480346
Tuesday, November 19, 2024 7:31 AM IST
കാഞ്ഞങ്ങാട്: നമ്മുടെ കാസര്‍ഗോഡ് വികസന പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിന് പുതിയ മുഖച്ഛായ നല്കുന്ന സ്വാതന്ത്ര്യസമര-സാംസ്കാരിക പൈതൃക ഇടനാഴി സ്ഥാപിക്കാൻ നിര്‍ദേശിക്കപ്പെട്ട പ്രദേശങ്ങൾ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. പുതിയ ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന ആലാമിപ്പള്ളിയിൽ നിന്ന് സംസ്ഥാന പാതാ ജംഗ്ഷനായ മടിയനിലേക്കാണ് ഇടനാഴി സ്ഥാപിക്കാൻ നിർദേശമുയർന്നത്.
പദ്ധതിയിൽ ഉൾക്കൊള്ളിക്കാവുന്ന മടിയന്‍ കൂലോം, അടോട്ട് കൈത്തറി ഗ്രാമം, വെള്ളിക്കോത്ത് നിർമാണത്തിലിക്കുന്ന വിദ്വാന് പി. കേളുനായരുടെ സ്മാരകം, മഹാകവി പി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഹാകവിയുടെ ഭവനം, കിഴക്കുംകര, മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്. സ്വാതന്ത്ര്യസമര-സാംസ്കാരിക ഇടനാഴി എന്ന ആശയം ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വളരെയേറെ ഗുണപ്രദമാണെന്ന് കളക്ടര്‍ പറഞ്ഞു.
ഇതുവഴി കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ സാധിക്കുന്ന വിധം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, പദ്ധതിനിർദേശം അവതരിപ്പിച്ച സാംസ്കാരിക പ്രവര്ത്തകന് കെ. പ്രസേനന്‍, ശ്യാംകുമാര്‍ പുറവങ്കര, കമാന്‍ഡര്‍ പി.വി. ദാമോദരന്‍, ബ്രിഗേഡിയര്‍ കെ.എന്‍. പ്രഭാകരന് നായര്‍, എം. കുഞ്ഞമ്പു പൊതുവാള് എന്നിവർ സംബന്ധിച്ചു.
ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഈ പ്രദേശങ്ങളിലൂടെ മഹാകവി പി. കുഞ്ഞിരാമന് നായര്‍, എ.സി. കണ്ണന് നായര്‍, രസികശിരോമണി കോമന് നായര്‍, വിദ്വാന് പി. കേളു നായര്‍, വിദ്വാന് കെ.കെ. നായര്‍, കെ. മാധവന് എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ ചിത്രങ്ങളും ശില്പങ്ങളും ഉദ്യാനങ്ങളുമടങ്ങിയ ഒരു ഇടനാഴി വികസിപ്പിച്ചാല്‍ അത് ജില്ലയുടെ സാംസ്കാരിക തനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
വിഖ്യാത ശില്പി കാനായി കുഞ്ഞിരാമനും ഈ വഴിയിലാണ് താമസിക്കുന്നത്. കൈത്തറി, ലോഹ-ദാരുശില്പ നിര്‍മാണം, തെയ്യച്ചമയങ്ങളുടെ നിര്‍മാണം, കളിമണ്‍ ഉത്പനങ്ങൾ എന്നീ പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനത്തിനും പദ്ധതി സഹായകമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.