ഭാവനയും കഴിവുകളുമാണ് നിധി: മന്ത്രി കടന്നപ്പള്ളി
1480558
Wednesday, November 20, 2024 6:23 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ നടക്കുന്ന പഞ്ചദിന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കലോത്സവ ദീപത്തില്‍ തിരിതെളിച്ച് നിര്‍വഹിച്ചു.കലകള്‍ക്ക് ജാതിയോ മതമോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. മനുഷ്യമനസാണ് നാടിന്റെ അമൂല്യമായ നിധി. ഈ മനസുകളില്‍ ഉറങ്ങിക്കിടക്കുന്ന ജന്മസിദ്ധവും നൈസര്‍ഗികവുമായ ഭാവനകളും കഴിവുകളും നിധികളാണ്. ഇതിന്റെയെല്ലാം പരിപോഷണത്തിനായി എല്ലാവരേയും ഉള്‍ക്കൊണ്ടു നടത്തുന്ന കൂട്ടായ്മകള്‍ രൂപപ്പെടുത്തലാണ് കലോത്സവങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് ടി.ഐ. മധുസൂദനന് അധ്യക്ഷത വഹിച്ചു. എം. വിജിന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, മുനിസിപ്പൽ ചെയര്‍ പേഴ്സണ്‍ കെ.വി.ലളിത, വൈസ് ചെയര്മാന് പി.വി.കുഞ്ഞപ്പന്, നഗരസഭ കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.