സ്കൂളിലേക്കുള്ള വഴിയിൽ മലിനജലമൊഴുക്കി; പ്രതിഷേധവുമായി നാട്ടുകാർ
1481103
Friday, November 22, 2024 6:13 AM IST
തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷൻ-സെന്റ് പോൾസ് സ്കൂൾ റോഡിലേക്ക് വാടക ക്വാർട്ടേഴ്സിൽ നിന്നും മലിനജലമൊഴുക്കിവിട്ടത് പ്രതിഷേധത്തിനിടയാക്കി.
പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കെട്ടിട ഉടമയെ വിളിച്ചു വരുത്തി 24 മണിക്കൂറിനകം ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാൻ ആവശ്യപ്പെട്ടു. ടൗണിൽ നിന്നും റെയിൽവേ സ്റ്റേഷന് മുന്നിലൂടെ സെന്റ് പോൾസ് സ്കൂളിലേക്കുള്ള പഞ്ചായത്ത് റോഡിലേക്കാണ് മെട്ടമ്മലിലെ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലെ മലിനജലം
ഒഴുക്കി വിട്ടത്. ദിവസങ്ങളായി പുറത്തേക്ക് ഒഴുകിയിറങ്ങിയ മലിനജലം റോഡിൽ കെട്ടിക്കിടന്നുണ്ടായ ദുർഗന്ധം സ്കൂൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും
ദുരിതമായി മാറിയിരുന്നു. ഓട്ടോഡ്രൈവർമാരും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും ആരോഗ്യ പ്രവർത്തകരെയും വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി ഉടമയെ വിളിച്ചു വരുത്തുകയായിരുന്നു. മലിനജലസംഭരണി ഉയർത്തിക്കെട്ടി പുറത്തേക്കൊഴുക്കുന്നത് 24 മണിക്കൂറിനകം തടഞ്ഞില്ലെങ്കിൽ കടുത്ത നിയമ നടപടി എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്തംഗം ഇ. ശശിധരൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുപ്രിയ, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി .പ്രകാശൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.