നേതാക്കളും കളക്ടറും പ്രദേശങ്ങൾ സന്ദർശിച്ചു
1480340
Tuesday, November 19, 2024 7:31 AM IST
കാഞ്ഞങ്ങാട്: നീലേശ്വരം പുഴയിലെ പാലം പണി മൂലം വെള്ളംകയറി വാഴക്കൃഷി നശിച്ച അരയി, കാർത്തികവയൽ പ്രദേശങ്ങൾ ഇ. ചന്ദ്രശേഖരൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു. ദേശീയപാത കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചർ അധികൃതരുമായി ബന്ധപ്പെട്ട് കൂടുതൽ ഭാഗങ്ങളിൽ ബണ്ട് തുറന്നുവിട്ടുകൊണ്ട് പുഴയുടെ സ്വാഭാവികമായ ഒഴുക്ക് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വാഴക്കൃഷിക്ക് നാശമുണ്ടായ കാഞ്ഞങ്ങാട് നഗരസഭയിലെ അരയി പ്രദേശം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷിനാശത്തെ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഒപ്പമുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി. രാഘവേന്ദ്രയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. അരയി, വെള്ളരിക്കണ്ടം, കോടാളി, വിരിപ്പുവയല്‍, ചിറക്കാല്‍, കാര്ത്തികവയല്, പനങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്.
നഗരസഭാധ്യക്ഷ കെ.വി. സുജാത, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. സരസ്വതി, കെ. ലത, കൗണ്‍സിലര്‍ കെ.വി. മായാകുമാരി, കര്‍ഷക പ്രതിനിധി പി.പി. രാജു അരയി എന്നിവർ കളക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി, ഫീൽഡ് അസിസ്റ്റന്റ് കെ. മുരളിധരൻ, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ. രാജൻ എന്നിവരും സംബന്ധിച്ചു.