ലോക സിഒപിഡി ദിനം ആചരിച്ചു
1480880
Thursday, November 21, 2024 7:37 AM IST
വെള്ളരിക്കുണ്ട്: ലോക സിഒപിഡി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.
ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് ദിനാചരണ സന്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, മെംബര്‍ സി. രേഖ, ബളാല്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ഓഫീസര്‍ എന്‍.പി. പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സിഒപിഡി ക്ലിനിക് ഉദ്ഘാടനം ചെയ്തു.
വെള്ളരിക്കുണ്ട്, കൊന്നക്കാട് ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീശീലനം സംഘടിപ്പിച്ചു. സിഒപിഡി ബോധവത്കരണ സെമിനാറില്‍ മെഡിക്കല്‍ ഓഫീസർ ഡോ.വി. ഷിനില്‍ ക്ലാസെടുത്തു.
പുകവലിയും മലിനമായ വായു, പുകപടലം, രാസ പദാര്‍ത്ഥങ്ങള്‍ എന്നിവയുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കവുമാണ് സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസിന് കാരണമാകുന്നത്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫക്കെട്ട്, ചുമ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.