കിടപ്പുരോഗിക്ക് കട്ടിലും കിടക്കയുമെത്തിച്ച് കെഎസ്യു പൂർവവിദ്യാർഥി കൂട്ടായ്മ
1480879
Thursday, November 21, 2024 7:37 AM IST
കൊന്നക്കാട്: വനാതിർത്തിയോട് ചേർന്നുള്ള കമ്മാടിയിൽ രോഗദുരിതവും സാമ്പത്തിക പ്രയാസവും മൂലം കഷ്ടതയനുഭവിക്കുന്ന രോഗിക്ക് കരുതലും കൈത്താങ്ങുമായി കെ എസ് യു മാലോത്ത് കസബ പൂർവവിദ്യാർഥി കൂട്ടായ്മ. കൊന്നക്കാട് നിന്നും നാലു കിലോമീറ്റർ അകലെ മലമുകളിലുള്ള കമ്മാടിയിലേക്ക് മെഡിക്കൽ കട്ടിലും കിടക്കയും തോളിൽ ചുമന്നെത്തിച്ചത് പഞ്ചായത്ത് അംഗം പി.സി. രഘുനാഥന്റെ നേതൃത്വത്തിലാണ്.
എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബോബി ചെറുകുന്നേൽ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് സ്കറിയ കുന്നോല, പ്രിൻസ് കാഞ്ഞമല എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂട്ടായ്മ അംഗം കെ.എം. ശ്രീജിത്താണ് രോഗിയുടെ ആവശ്യം കൂട്ടായ്മയിൽ പങ്കുവെച്ചത്. കൂട്ടായ്മയിലെ സ്വദേശത്തും വിദേശത്തുമുള്ള അംഗങ്ങൾ സാമ്പത്തികസഹായവുമായി മുന്നോട്ട് വന്നപ്പോൾ മെഡിക്കൽ കട്ടിലിനും കിടക്കയ്ക്കുമുള്ള തുക മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. മാലോത്ത് കസബ സ്കൂളിലെ പഴയ കെഎസ്യു പ്രവർത്തകരുടെ കൂട്ടായ്മ കഴിഞ്ഞ പത്ത് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്കൂളിലെ വിദ്യാർഥിനിക്ക് വീട് വെച്ചു നൽകിയും കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനുകളും ടാബുകളും നൽകിയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.