ബിഎസ്എൻഎൽ ഓഫീസുകളിലെ കവർച്ചാ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
1459953
Wednesday, October 9, 2024 7:25 AM IST
കാഞ്ഞങ്ങാട്: ജില്ലയിൽ വിവിധയിടങ്ങളിലെ ബിഎസ്എൻഎൽ ഓഫീസുകളിലെ കവർച്ചാ പരമ്പരയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് മഠത്തിൽ മണി എന്ന ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ. മണി (55) പിടിയിൽ. ബിഎസ്എൻഎൽ ഓഫീസുകളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന ബാറ്ററികളും അനുബന്ധ സാമഗ്രികളും സിസിടിവി ഉപകരണങ്ങളും കവർച്ച ചെയ്തതുമായി ബന്ധപ്പെട്ടാണ് മണി പിടിയിലായത്.
കാഞ്ഞങ്ങാട്, നീലേശ്വരം, ചീമേനി എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ഓഫീസുകളിലാണ് കവർച്ച നടന്നത്. ഒരാഴ്ച മുമ്പ് രാത്രിയിലാണ് പുതിയകോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന സിസിടിവി ഉപകരണങ്ങളും മൂന്ന് ബാറ്ററികളും കവർന്നത്. 1,29,000 രൂപയുടെ മുതലുകളാണ് നഷ്ടമായത്.
ഓഫീസർ ടി. ഷിനീദിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തേ നീലേശ്വരത്തും ചീമേനിയിലും സമാനമായ സാഹചര്യങ്ങളിൽ ബിഎസ്എൻഎൽ ഓഫീസുകളിൽ നിന്ന് ബാറ്ററികൾ മോഷണം പോയതുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് മണിയെ കണ്ടെത്തിയത്.
ഹൊസ്ദുർഗ് സിഐ പി. അജിത്കുമാർ, എസ്ഐ എൻ. അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കവർച്ചാ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.