പട്ടയത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ലാന്‍ഡ് ട്രിബ്യൂണൽ പട്ടയം നൽകും: കളക്ടർ
1459950
Wednesday, October 9, 2024 7:25 AM IST
തൃക്കരിപ്പൂർ: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് സ്വീകരിച്ച് പരിഹാര നിർദേശങ്ങൾ നൽകാൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തൃക്കരിപ്പൂരിലെത്തി. ജനങ്ങൾക്ക് നൽകാനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിച്ച് പരാതി പരിഹാരത്തിനായി അതത് വകുപ്പു മേധാവികൾക്ക് നൽകുകയും നേരിട്ട് പരിഹരിക്കേണ്ടവ ഉടൻ തീർപ്പാക്കുകയും ചെയ്തു.
വരുന്ന വില്ലേജ് അദാലത്തിനാണ് തൃക്കരിപ്പൂരിലെ രണ്ടു വില്ലേജുകളിലുമെത്തിയത്. വടക്കെ തൃക്കരിപ്പൂർ വില്ലേജ് പരിധിയിലെ ആയിറ്റിയിൽ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭൂമിയിലെ വീടുകളിൽപട്ടയത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വേഗത്തിൽ പട്ടയം നൽകാൻ നടപടി സ്വീകരിക്കും. കൈവശ ഭൂമിക്ക് രേഖകൾ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ലാന്‍ഡ് ട്രിബ്യൂണൽ പട്ടയം തയാറാക്കി നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വൈദ്യുത ലൈനുകൾ വലിക്കാൻ അനുമതി ലഭിക്കാത്തതിനാൽ വൈദ്യുതിക്ക് കാത്തിരിക്കുന്നവർക്കും ആശ്വാസ നിർദേശം കളക്ടർ നൽകി. ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരാതിക്കാരെയും ഗുണഭോക്താക്കളെയും വിളിപ്പിച്ച് പരിഹരിക്കാൻ നടപടി കൈക്കൊള്ളും. ഇതുൾപ്പെടെ 26 പരാതികളും അപേക്ഷകളും നോർത്ത് തൃക്കരിപ്പൂർ വില്ലേജ് അദാലത്തിൽ ലഭിച്ചു. വഴി തർക്കങ്ങൾ ഉൾപ്പെടെ 83ൽ അധികം പരാതികളും അപേക്ഷകളുമാണ് സൗത്ത് തൃക്കരിപ്പൂർ വില്ലേജ് അദാലത്തിൽ ലഭിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ വീടിനുള്ള അനുമതി ലഭിക്കാത്തതായി ഏഴു പേരുടെയും കുടിവെള്ളമില്ലാതെ വലയുന്ന നിരവധി കുടുംബങ്ങളുടെ അപേക്ഷകളും ലഭിച്ചു. പൊതുകുളം നവീകരിച്ചു സംരക്ഷിക്കേണ്ട ആവശ്യവും റോഡ് നിർമാണവും അപേക്ഷകളിൽപ്പെടും.
തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, പഞ്ചായത്തംഗങ്ങൾ, നോർത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസർ ടി.വി. സന്തോഷ് കുമാർ, സൗത്ത് വില്ലേജ് ഓഫീസർ കെ. പ്രസന്നൻ, പൊതു പ്രവർത്തകർ, റവന്യു ജീവനക്കാർ എന്നിവർ അദാലത്തുകളിൽ പങ്കെടുത്തു.