ആൽബർട്ടിന്റെ തിരോധാനം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ.മാണി എംപി
1459771
Tuesday, October 8, 2024 8:15 AM IST
രാജപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലിൽ നിന്ന് കാണാതായ മലയാളി കേഡറ്റ് ആൽബർട്ട് ആന്റണിക്കായി തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തുനല്‍കി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ആൽബർട്ടിനെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ആൽബർട്ടിന്റെ പിതാവ് കെ.എം. ആന്റണിയും കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് നേതാവ് വിനയ് മങ്ങാട്ട്, പഞ്ചായത്ത് അംഗം ജോസ് പുതുശേരികാലായിൽ, മണ്ഡലം പ്രസിഡന്റ് ടോമി വാഴപ്പിള്ളി എന്നിവർ നേരത്തേ ജോസ് കെ. മാണി എംപിയെ സമീപിച്ചിരുന്നു. ആൽബർട്ടിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്നും കപ്പലിനുള്ളിലെ ചിലർക്ക് ഇതിൽ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും ഇവർ പറയുന്നു.
ചെന്നിത്തല വിദേശകാര്യമന്ത്രിക്ക് കത്തയച്ചു
രാജപുരം: മൂന്നു ദിവസം മുന്‍പ് ചൈനയില്‍ നിന്നും ബ്രസീലിലേക്ക് പോവുകയായിരുന്ന കപ്പലില്‍ നിന്നും കാണാതായ കള്ളാര്‍ മാലക്കല്ല് സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു കുടുംബത്തിന് വേണ്ടി ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആല്‍ബര്‍ട്ടിന്റെ പിതാവിനോട് ഫോണില്‍ സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.