റബര്‍ വ്യാപാരികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു: കര്‍ഷക കോണ്‍ഗ്രസ്
1459768
Tuesday, October 8, 2024 8:15 AM IST
കാഞ്ഞങ്ങാട്: റബര്‍ വ്യാപാരികള്‍ സംഘടിതമായി വിലയിടിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോജന് കുന്നേല്‍. അന്തര്‍ദേശീയ വിപണിയില്‍ റബര്‍ വില 256 രൂപയാണ്. ഇറക്കുമതി ചുങ്കം 30 രൂപയും ഇറക്കുമതി ചിലവ് 20 രൂപയുമായിരിക്കെ ഒരു കിലോ റബര്‍ ഇറക്കുമതി ചെയ്യുന്നതിന് 306 രൂപ ടയര്‍ കമ്പനികള്‍ മുടക്കേണ്ടതായി വരും.
കേരളത്തിലെ ടയര്‍ കമ്പനികള്‍ വന്‍കിട കച്ചവടക്കാരില്‍ നിന്നും റബര്‍ വാങ്ങുന്നത് 280 രൂപയ്ക്കാണ്. എന്നാല്‍ ഇടനിലക്കാരായ മൊത്ത വ്യാപാരികള്‍ സംഘടിതമായി റബര്‍ വില ദിനംതോറും കുറച്ച് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
കിലോഗ്രാമിന് 210 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകനു ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉത്തേജക പാക്കേജ് വില 300 രൂപയായി നിശ്ചയിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി, ധനകാര്യ, കൃഷി മന്ത്രിമാരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.