കൃഷിസമൃദ്ധി പദ്ധതി ജില്ലയിൽ അഞ്ചു തദ്ദേശസ്ഥാപനങ്ങളിൽ
1458905
Friday, October 4, 2024 6:52 AM IST
കാസർഗോഡ്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തുടർച്ചയായി കൃഷിവകുപ്പ് നടപ്പാക്കുന്ന കൃഷിസമൃദ്ധി പദ്ധതി ആദ്യഘട്ടത്തിൽ ജില്ലയിൽ അഞ്ചു തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കും. കാഞ്ഞങ്ങാട് നഗരസഭയിലും പിലിക്കോട്, ബേഡഡുക്ക, കാറഡുക്ക, എൻമകജെ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക. അതേസമയം പരപ്പ ബ്ലോക്കിൽ നിന്നുമാത്രം ഒരു പഞ്ചായത്തിനെയും പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
തദ്ദേശസ്ഥാപനങ്ങളെയും ബന്ധപ്പെട്ട കൃഷിഭവനുകളെയും വിവിധ വകുപ്പുകളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുക. വാർഡ് തലത്തിൽ അതത് പ്രദേശത്തിന്റെയും വിളകളുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ഉത്പാദന വിളനിർണയരേഖയും കാർഷിക വികസന ആസൂത്രണരേഖയും തയാറാക്കും. വാർഡ് അംഗം ചെയർപേഴ്സണായ നിർവഹണസമിതിയും അതത് വാർഡിലെ കർഷകരെ ഉൾപ്പെടുത്തിയ കൃഷിക്കൂട്ടവും ചേർന്നാണ് ഇവ തയാറാക്കുക.
തുടർന്ന് പരമ്പരാഗത വഴികൾ മാത്രം ഉപയോഗിക്കാതെ അതത് ഇടങ്ങൾക്ക് അനുയോജ്യമായ നവീന കൃഷിരീതികളും ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.
മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം, വിപണിസാധ്യതകൾ എന്നിവയും പരിശോധിക്കും. കാർഷികോത്പന്നങ്ങൾ കൃത്യമായി വിപണിയിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.
വാർഡ് അംഗം ചെയർപേഴ്സണും കൃഷിവകുപ്പിൽ നിന്നുള്ള പ്രതിനിധി കൺവീനറുമായ നിർവാഹകസമിതിയിൽ കർഷകരുടെയും പൊതുപ്രവർത്തകരുടെയും പ്രതിനിധികളും അതത് വാർഡിൽ നിന്നുള്ള ഒരു കർഷകമിത്ര വോളണ്ടിയറും അംഗമായിരിക്കും. വാർഡിലെ തരിശിട്ടിരിക്കുന്ന മുഴുവൻ സ്ഥലത്തിന്റെയും വിവരങ്ങൾ ശേഖരിച്ച് അതെല്ലാം കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ അനുയോജ്യമായ കൃഷികൾക്ക് ഉപയുക്തമാക്കും.
പഴയ പാട്ടക്കരാറിനു പകരം കേന്ദ്രസർക്കാരിന്റെ നവോത്ഥാൻ പദ്ധതിയിലെ വ്യവസ്ഥകളനുസരിച്ചുള്ള ധാരണ പ്രകാരമാകും ഭൂവുടമകളിൽ നിന്ന് ഭൂമി ലഭ്യമാക്കുക. ഇതുപ്രകാരം ഭൂവുടമകൾക്കും മതിയായ പ്രതിഫലം ഉറപ്പാക്കും. വാർഡിൽ നിന്ന് അഞ്ച് യുവജനങ്ങളെയെങ്കിലും പുതുതായി കൃഷിയിലേക്ക് കൊണ്ടുവരും. കൃഷി, തദ്ദേശസ്വയംഭരണം, മണ്ണ് സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ നിലവിലുള്ള വിവിധ പദ്ധതികളെല്ലാം കൃഷിസമൃദ്ധി പദ്ധതിയുമായി കൂട്ടിയിണക്കി പ്രയോജനപ്പെടുത്തും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നബാർഡ്, വിവിധ കമ്പനികളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് തുടങ്ങിയവയിൽ നിന്നുള്ള ധനസഹായവും പ്രയോജനപ്പെടുത്തും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി വാർഡ് തലത്തിനു മുകളിൽ തദ്ദേശസ്ഥാപന തലത്തിലും ജില്ലാതലത്തിലും നിർവഹണ സമിതികൾ പ്രവർത്തിക്കും.പ്രിൻസിപ്പൽ കൃഷി ഓഫീസർ ചെയർപേഴ്സണും ആത്മ പ്രോജക്ട് ഡയറക്ടർ കൺവീനറുമായിട്ടാകും ജില്ലാതല സമിതി പ്രവർത്തിക്കുക. മാസങ്ങൾക്കകം തന്നെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് ധാരണ.