ഈസ്റ്റ് എളേരിയിലെ കുടിവെള്ളപ്രശ്നം : കളക്ടറെ കക്ഷിചേർക്കാൻ അഥോറിറ്റിയുടെ ഉത്തരവ്
1458903
Friday, October 4, 2024 6:52 AM IST
കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ പെട്ട അറയ്ക്കത്തട്ട്, വെള്ളടുക്കം, പുളി പ്രദേശങ്ങളിൽ എട്ടുമാസമായി കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്ന പ്രശ്നത്തിൽ ജില്ലാ കളക്ടറെ കൂടി കക്ഷി ചേർത്ത് നോട്ടീസ് അയക്കാൻ ഹോസ്ദുർഗ് താലൂക്ക് നിയമസേവന അഥോറിറ്റി ഉത്തരവായി. വിഷയത്തിൽ കിഫ്ബി, കെആർഎഫ്ബി, ജലനിധി, ജലജീവൻ മിഷൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് അധികൃതരോടും റിപ്പോർട്ട് തേടി.
ജലനിധി പദ്ധതിയുടെ ഭാഗമായി ശുദ്ധജലവിതരണം നടത്തിക്കൊണ്ടിരുന്ന പൈപ്പുകൾ ചിറ്റാരിക്കാൽ-ഭീമനടി റോഡിന്റെ നവീകരണ പ്രവൃത്തികൾക്കിടയിൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് കുടിവെള്ള വിതരണം തടസപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ മൂന്ന് ഗുണഭോക്തൃ സമിതി പ്രസിഡന്റുമാരാണ് നിയമസേവന അഥോറിറ്റിയെ സമീപിച്ചത്.
ഇക്കാര്യം നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും പരാതികൾ നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഗുണഭോക്തൃ സമിതി പ്രതിനിധികളായ തോമസ് തെങ്ങുംപള്ളി, മാത്യു തെന്നിപ്ലാക്കൽ, ജോസഫ് മൂഴിക്കുഴി, ചാക്കോ തെന്നിപ്ലാക്കൽ, മനോജ് പുളിക്കൽ, അഭിഭാഷകൻ തോമസ് സ്മിത്ത് അറയ്ക്കൽ എന്നിവർ നിയമസേവന അഥോറിറ്റി മുമ്പാകെ ഹാജരായി വിശദീകരിച്ചു.
ബന്ധപ്പെട്ട കക്ഷികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടശേഷം കേസ് നവംബർ രണ്ടിന് വീണ്ടും വിളിക്കാൻ അഥോറിറ്റി നിർദേശിച്ചു.