ഗർഭിണികളെയും കുഞ്ഞുങ്ങളെയും മാതൃവാത്സല്യത്തോടെ കണ്ട ഡോക്ടർ
1453778
Tuesday, September 17, 2024 1:51 AM IST
കണ്ണൂർ: മൂവായിരത്തിലേറെ നവജാത ശിശുക്കളെ ലോകത്തിലേക്ക് കൈപിടിച്ചെത്തിച്ച അത്യപൂർവ പ്രതിഭയെയാണ് പൊതുസമൂഹത്തിനും ചികിത്സാ മേഖലയ്ക്കും ഡോ. ശാന്തയുടെ വിയോഗത്തോടെ നഷ്ടമായത്. ഗൈനക്കോളജിസ്റ്റുകളിലെ കണ്ണൂരിലെ ജനകീയ മുഖമായിരുന്നു ഡോ. ശാന്ത. ഭർത്താവ് ഡോ. പി. മാധവന്റെ ഉടമസ്ഥതയിലുള്ള ജെജെഎസ് ആശുപത്രിയിൽ ഡോ. ശാന്തയുള്ളത് കൊണ്ടുമാത്രം ദൂരദിക്കുകളിൽ നിന്നു പോലും ഗർഭിണികൾ ചികിത്സയ്ക്കും പ്രസവത്തിനുമായി എത്തിയിരുന്നു. സൗമ്യമായ പെരുമാറ്റമായിരുന്നു ഡോക്ടറുടെ പ്രത്യേകത.
ആകുലതകളുമായി എത്തുന്ന ഗർഭിണികളെയും ബന്ധുക്കളോടും ഒരു ഡോക്ടർ എന്നതിലുപരി ഒരമ്മയുടെ മാതൃവാത്സല്യത്തോടെയായിരുന്നു ഇവർ പെരുമാറിയിയിരുന്നത്. ചികിത്സാ മേഖലയെ വാണിജ്യവത്കരിക്കാതെ ഒരു നിയോഗമായി കണ്ടവരായിരുന്നു ഡോ. ശാന്ത-ഡോ. പി. മാധവൻ ദന്പതികൾ. ഡോ. പി. മാധവൻ മരിക്കുന്നതുവരെ ഡോ. ശാന്തയും കണ്ണൂരിലെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. ഡോ. മാധവന്റെ മരണവും പ്രയാധിക്യവും കാരണം പിന്നീട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ചികിത്സാ രംഗത്ത് ഡോ. ശാന്തയുടെ മാതൃകാപരമായി പ്രവർത്തനം മുൻ നിർത്തി ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ ഡോ. ശാന്തയെ ആദരിച്ചിട്ടുണ്ട്.
ഐഎംഎ
അനുശോചിച്ചു
കണ്ണൂരിലെ മുതിർന്ന വനിത ഡോക്ടറായ ഡോ. ശാന്താ മാധവന്റെ നിര്യാണത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. നിർമൽ രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ആശിഷ് ബെൻസ്, ഡോ. പി.കെ. ഗംഗാധരൻ, ഡോ. സുൽഫിക്കർ അലി, ഡോ. പി.കെ. ഗംഗാധരൻ, ഡോ. രാജ് മോഹൻ, ഡോ. വി. സുരേഷ്, ഡോ. എ.കെ. ജയചന്ദ്രൻ, ഡോ. സി. നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.