കേരളത്തില്‍ ആര്‍എസ്എസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്: ഉണ്ണിത്താന്
1452616
Thursday, September 12, 2024 1:41 AM IST
കാസര്‍ഗോഡ്: അവിശുദ്ധ രാഷ്ട്രീയ ബാന്ധവത്തിന്റെ അഴിമതിക്കറപുരണ്ട ആര്‍എസ്എസ് -സിപിഎം സഖ്യകക്ഷി ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളനം കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്താനും ചീഞ്ഞുനാറിയ കേസുകളില്‍ അകപ്പെട്ട കുടുംബക്കാരെ രക്ഷിക്കുന്നതിനുമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി രാഷ്ട്രീയ വിശ്വാസ്യത പണയം വച്ച നേതാക്കള്‍ സംഘപരിവാറിന്റെ കാല്ക്കല് വീണ കേഴുന്ന കാഴ്ച പരിഹാസ്യമാണ്.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ കഴിയാത്തവര്‍ ഭരണകൂടത്തിന്റെ ഉന്നതതലങ്ങളില്‍ ഇരിക്കുന്ന എഡിജിപിയെ പോലും ഇരുളിന്റെ മറവില്‍ ദത്താത്രയ ഹൊസബാലയെപോലെ ഉള്ള ആര്‍എസ്എസ് നേതാക്കളെ കണ്ട് ഡീല്‍ ഉറപ്പിക്കുകയാണ്.
എട്ടരവര്‍ഷക്കാലം അധികാരത്തില്‍ ഇരുന്നിട്ടും സംസ്ഥാനത്തിന്റെ വികസനത്തിന് പണം കണ്ടെത്താന്‍ കഴിയാതെ എന്തിനു ഏതിനും പൊതുസമൂഹത്തിനു മുന്നില്‍ കൈ നീട്ടി നില്ക്കുന്ന ഇടതുപക്ഷ ഭരണം ബംഗാളിലും ത്രിപുരയിലും ഉണ്ടായതുപോലെ സര്‍വനാശത്തിന്റെ പടുകുഴിയിലേക്കാണ് പോകുന്നത്.
ജില്ലാ പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മാധവന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന് ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷണന്‍ അധ്യക്ഷത വഹിച്ചു.