ബന്തടുക്ക: കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകളിൽ വനത്തോടു ചേർന്നുകിടക്കുന്ന വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബന്തടുക്ക-പയറടുക്ക റോഡിന്റെ പല ഭാഗങ്ങളും മഴയിൽ താറുമാറായി. ചാപ്പക്കല്ലിൽ അര കിലോമീറ്ററോളം നീളത്തിൽ റോഡ് പാടേ തകർന്നു. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും പയറടുക്കയിലെ ഗവ. വെൽഫെയർ എൽപി സ്കൂളിലേക്കുമുള്ള വിദ്യാർഥികൾക്ക് പോകേണ്ടത് ഇതുവഴിയാണ്. ഓട്ടോയും ടാക്സിയുമെല്ലാം പയറടുക്ക പാലത്തിനു സമീപം ഓട്ടം നിർത്തുന്നു. കൊച്ചുകുട്ടികളാണെങ്കിലും ബാക്കി ദൂരം നടന്നുപോകണം.
പുലിയുടെ സാന്നിധ്യം പോലും സ്ഥിരീകരിച്ച വനത്തിനു നടുവിലൂടെയുള്ള റോഡാണ്. പയറടുക്ക, ഓട്ടക്കൊച്ചി, ചെന്നംകുണ്ട് പ്രദേശങ്ങളിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഈ റോഡ് മാത്രമാണ് മാർഗം. ടൗണിൽ വില്പന നടത്താനുള്ള തേങ്ങയും അടക്കയും പോലും തലച്ചുമടായി പയറടുക്ക പാലത്തിന് സമീപമെത്തിക്കേണ്ട അവസ്ഥയാണ്. അസുഖം ബാധിച്ചവരെ ആശുപത്രികളിലെത്തിക്കാൻ അതിലേറെ പ്രയാസം. റോഡ് ഇനി എന്നു നന്നാക്കുമെന്ന ചോദ്യത്തിന് മറുപടിയായി അധികൃതർക്ക് നിരത്താൻ ഒട്ടേറെ സാങ്കേതിക കാരണങ്ങളുണ്ടാകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.