മഴ പെയ്താൽ കുഴിയുന്ന റോഡുകൾ
1452339
Wednesday, September 11, 2024 1:46 AM IST
കാസർഗോഡ്: മഴക്കാലം ഏതാണ്ട് അവസാനഘട്ടത്തിലെത്തി നില്കുമ്പോഴേക്കും ചെറുതും വലുതുമായ റോഡുകളിലെല്ലാം കുഴികൾ നിറഞ്ഞു. പണി നടക്കുന്ന ദേശീയപാതയിലെ വാഹനഗതാഗതം വഴിതിരിച്ചുവിടുന്ന സർവീസ് റോഡുകളും സംസ്ഥാനപാതകളും മുതൽ ഗ്രാമീണ റോഡുകൾ വരെ ഇക്കാര്യത്തിൽ ഒരുപോലെയാണ്.
വലിയ റോഡുകളാണെങ്കിൽ അറ്റകുറ്റപ്പണികൾ അല്പമെങ്കിലും വേഗത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ തകർന്നു കിടക്കുന്ന ഗ്രാമീണപാതകളിൽ വീണ്ടും ടാറിംഗ് നടക്കണമെങ്കിൽ ജില്ലാ പഞ്ചായത്തു മുതൽ ഗ്രാമപഞ്ചായത്ത് വരെയുള്ളവരുടെ ഫണ്ട് ലഭ്യമാക്കുന്നതും എസ്റ്റിമേറ്റും ടെൻഡറുമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒരുപാട് കാത്തിരിക്കേണ്ടിവരുന്നു. നാട്ടുകാർക്ക് അതുവരെ ദുരിതയാത്രയാണ് വിധി.
പൊട്ടിപ്പൊളിഞ്ഞ്
ബിരിക്കുളം-കൊല്ലംപാറ റോഡ്
പരപ്പ: ബിരിക്കുളം-കൊല്ലംപാറ റോഡിൽ കാട്ടിപ്പൊയിൽ മുതൽ കൊല്ലംപാറ വരെയുള്ള അഞ്ചു കിലോമീറ്റർ ഭാഗത്ത് ടാറിംഗ് ഇളകി പൊട്ടിപ്പൊളിഞ്ഞു. പയ്യംകുളത്തിന് സമീപം വലിയ കുഴികൾ രൂപപ്പെട്ടു. മറ്റിടങ്ങളിൽ നിന്നെത്തുന്ന ഇരുചക്രവാഹനങ്ങൾ കുഴികളുടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്നതും പതിവായി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ബിരിക്കുളം സ്കൂൾ പ്രശ്നത്തിനു പിന്നാലെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയും അണികൾ പ്രതിഷേധിക്കുന്നത് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടിക്ക് തലവേദനയായിട്ടുണ്ട്.