പറമ്പുകൾ കൈയടക്കി അധിനിവേശ ജീവികളും സസ്യങ്ങളും
1451692
Sunday, September 8, 2024 6:58 AM IST
കാഞ്ഞങ്ങാട്: കാലാവസ്ഥാമാറ്റത്തിനൊപ്പം വീട്ടുപരിസരങ്ങളിലും പറമ്പുകളിലും അധിനിവേശ ജീവികളും സസ്യങ്ങളും നിറയുന്നു.
വർഷങ്ങൾക്കു മുമ്പ് ഏറെപ്പേർക്കും പത്രങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ പരിചയം മാത്രമുണ്ടായിരുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇപ്പോൾ ജില്ലയിൽ പല സ്ഥലങ്ങളിലും വീട്ടുപരിസരങ്ങളിലെ പതിവു കാഴ്ചയായി മാറുകയാണ്. ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്താണ് ഇവയെ ആദ്യം കണ്ടത്. കണ്ണൂർ ജില്ലയിലെ കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വർഷങ്ങളായി ഇവയെ കാണാറുണ്ട്. അവിടെനിന്ന് ട്രെയിനുകളിൽ പറ്റിപ്പിടിച്ചാണ് മറ്റു സ്റ്റേഷനുകളുടെ പരിസരത്തെത്തിയതെന്ന് കരുതുന്നു. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ ചതുപ്പുകളിൽ നിന്ന് എളുപ്പത്തിൽ പെരുകിയാണ് ഇവ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. മഴക്കാലവും ഇവ പെട്ടെന്ന് പെരുകുന്നതിനുള്ള അനുകൂല സാഹചര്യമാണ്.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാലക്കുന്ന് ടൗൺ ഉൾപ്പെടെ ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലേക്കും ഇവ പടർന്നിട്ടുണ്ട്. തൃക്കരിപ്പൂർ, ചെറുവത്തൂർ ഭാഗങ്ങളിലും ഇവയെ കാണുന്നുണ്ട്.
വീട്ടുമുറ്റത്തെ അലങ്കാരച്ചെടികൾ മുതൽ കാർഷിക വിളകൾക്കു വരെ കനത്ത നാശമാണ് ഇവ വരുത്തുന്നത്. വാഴയുടെ ഇലയും കൂമ്പും പപ്പായയും കഴിഞ്ഞ് കമുകുകളുടെയും തെങ്ങുകളുടെയും മുകളിലേക്കുവരെ ഇവ കയറിത്തുടങ്ങി. ചെറിയ സസ്യങ്ങളുടെ ഇലകളൊന്നും ബാക്കിവയ്ക്കുന്നില്ല. കെട്ടിട ചുവരുകളിൽ മഴയിൽ നനഞ്ഞുനില്ക്കുന്ന പോസ്റ്ററുകൾ വരെ തിന്നുതീർക്കുന്നു. വീടുകളുടെ അടുക്കളയിലും ശുചിമുറിയിലും വരെ ഇവ എത്തിത്തുടങ്ങി.
ചെമ്പോത്ത് പോലുള്ള പക്ഷികൾ ഇവയെ തിന്നാറുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ പറമ്പുകളിൽ ചെമ്പോത്തിനെ കാണുന്നതുതന്നെ വല്ലപ്പോഴുമാണ്. ആഫ്രിക്കൻ ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിക്കുകയാണ് പതിവുരീതി. എന്നാൽ ഇവയുടെ എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചാക്കുകണക്കിന് ഉപ്പ് കരുതേണ്ടിവരുന്ന അവസ്ഥയാണെന്ന് പലരും പറയുന്നു. ഇവയെ കൈകൊണ്ട് സ്പർശിച്ചാൽ ചൊറിച്ചിലും അലർജിയും ഉണ്ടാകുന്നതിനാൽ ഉപ്പ് വിതറിയ ശേഷം ചൂലുകൊണ്ട് വാരിക്കൂട്ടി കത്തിക്കുകയാണ് മിക്കവരും ചെയ്യുന്നത്. കോപ്പർ സൾഫേറ്റും പുകയിലയും ചേർത്ത് പൊടിച്ച് വെള്ളത്തിൽ കലക്കിവച്ച മിശ്രിതം തളിച്ചാൽ ഇവയെ പെട്ടെന്ന് നശിപ്പിക്കാനാകുമെന്ന് കാർഷിക വിദഗ്ധർ പറയുന്നു. ആഫ്രിക്കൻ ഒച്ചുകൾക്കൊപ്പം സാധാരണ ഒച്ചുകളും മിക്കയിടങ്ങളിലും ക്രമാതീതമായി പെരുകിയിട്ടുണ്ട്.
വാഴയിലകൾ കാർന്നുതിന്ന് ചൊറിയൻ പുഴുക്കൾ
ഇടക്കാലത്ത് മഴയൊന്ന് മാറിനിന്നപ്പോൾ ചൊറിയൻ പുഴുക്കൾ വ്യാപകമായി പടർന്ന് വാഴയ്ക്കും ചെറുസസ്യങ്ങൾക്കും നാശമുണ്ടാക്കിയത് അടുത്തിടെയാണ്.
മറ്റു ജില്ലകളിലും ഏതാണ്ട് ഇതേ സാഹചര്യമായിരുന്നു. വാഴയിലകളുടെ ഹരിതകമെല്ലാം ഇവ കാർന്നുതിന്നുന്നതോടെ ദിവസങ്ങൾക്കകം ഇല വാടിയുണങ്ങും. കുല വരാനിരുന്ന വാഴകൾ പോലും ഒറ്റ ഇലയുമില്ലാതെ ഉണങ്ങിനില്ക്കുന്ന ദയനീയ കാഴ്ച പലയിടങ്ങളിലുമുണ്ട്. പുഴുക്കളെ കൊത്തിത്തിന്നാൻ പക്ഷികളെത്തുമെന്ന പ്രതീക്ഷയും വെറുതെയായി. ആഴ്ചകൾക്കുശേഷം ജീവിതചക്രം പൂർത്തിയാക്കി പുഴുക്കൾ താനേ നശിച്ചതു മാത്രമാണ് മിക്കയിടങ്ങളിലും ആശ്വാസമായത്.
നാടെങ്ങും പടർന്ന് സിങ്കപ്പൂർ ഡെയ്സി
നാട്ടുഭാഷയിൽ അമ്മിണിപ്പൂവ്, കമ്മൽപ്പൂവ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിങ്കപ്പൂർ ഡെയ്സി പുറംനാട്ടിൽനിന്ന് ഇവിടെയെത്തിയ ഒരു അധിനിവേശ സസ്യമാണെന്ന് പലർക്കും അറിയില്ല. നിറയെ മഞ്ഞപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഈ സസ്യം പൂന്തോട്ടങ്ങളിൽ അലങ്കാരച്ചെടിയായാണ് ആദ്യമെത്തിയത്. എന്നാൽ പെട്ടെന്ന് പടർന്നുവളർന്ന് പൂന്തോട്ടം മുഴുവനും കൈയടക്കി മറ്റു ചെടികളെയെല്ലാം ഞെരുക്കിത്തുടങ്ങിയതോടെ ഇവ പുറത്തായി.
പക്ഷേ പറമ്പിൽ എവിടെയെങ്കിലും ഒരു ചെറിയ കഷണം കൊണ്ടുപോയി ഇട്ടാലും വേരുപിടിച്ച് വളർന്ന് പടരുന്നതാണ് ഇതിന്റെ സ്വഭാവം. നിലം മുഴുവനും മൂടുന്നതോടെ മറ്റു ചെടികൾക്കൊന്നും വളരാനാകാത്ത അവസ്ഥയാകും.
തരിശുഭൂമിയിൽ പോലും ഇവ തഴച്ചുവളരുന്നു. ഇവയെ എളുപ്പം നശിപ്പിക്കാനും കഴിയുന്നില്ല. വെട്ടിമാറ്റുമ്പോൾ വേരുകളുടെ ചെറിയ ഭാഗം അവശേഷിച്ചാൽ പോലും കുറച്ചുദിവസം കഴിഞ്ഞാൽ വീണ്ടും തഴച്ചുവളരും. വേനൽക്കാലത്ത് മുഴുവനും ഉണക്കി തീയിടുക മാത്രമാണ് പലരും പരീക്ഷിക്കുന്ന വഴി.