കെട്ടിടങ്ങള്‍ക്ക് മുന്പില് താത്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ല
1450529
Wednesday, September 4, 2024 7:19 AM IST
വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി വശങ്ങളില് തുറന്ന നിലയില്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്പില് ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ല. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിര്മാണചട്ടത്തില് വരുത്തും. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നില്‍ക്കുന്നത് പോലെയുള്ള നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നല്‍കുന്നത്.
ഇത്തരം നിര്‍മിതിയെ ചട്ടത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാകും ഭേദഗതി നടപ്പിലാക്കുക. പിലിക്കോട് ചൂരിക്കൊവ്വലിലെ വി.പി. ജ്യോതിയുടെ പരാതി പരിഗണിച്ചാണ് ജില്ലാ അദാലത്തില്‍ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ് ചട്ടഭേദഗതിക്ക് നിര്‍ദേശിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്തെങ്ങും ഈ തീരുമാനം ബാധകമാക്കും.
ജ്യോതിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിന്റെ മുന്‍വശത്ത് ഓപ്പണ്‍ സ്പേസില്‍ ഷീറ്റ് നിര്‍മിച്ചത് അനധികൃതമാണെന്ന് കാണിച്ച് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ജ്യോതി അദാലത്തില്‍ പരാതി നല്‍കിയത്.
പരാതി പരിശോധിച്ചതിനു പിന്നാലെ ഓപ്പണ്‍ സ്പേസില്‍ നിര്‍മിച്ച ഷീറ്റ് റോഡിലേക്ക് കടന്നു നില്ക്കാത്തതിനാലും മൂന്നു വശവും തുറന്നതും ഭിത്തിയോ നിലമോ നിര്‍മിക്കാത്ത താത്കാലിക നിര്‍മിതിയാണെന്ന് ബോധ്യപ്പെട്ടതിനാലും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്കാന് തീരുമാനിച്ചു. സംസ്ഥാനത്താകെ ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് കാസർഗോഡ് തദ്ദേശ അദാലത്തില്‍ സ്വീകരിച്ചിരിക്കുന്നത്.