വാഹനമിടിച്ച് പരിക്കേറ്റ മൂങ്ങക്കുഞ്ഞിന് കെഎസ്ഇബി ജീവനക്കാരുടെ ഇടപെടലിൽ പുതുജീവൻ
1442095
Monday, August 5, 2024 1:57 AM IST
തൃക്കരിപ്പൂർ: തെക്കുമ്പാട് പാതയോരത്ത് വാഹനമിടിച്ച് പരിക്കേറ്റ് അവശനിലയിൽ കിടന്ന മൂങ്ങക്കുഞ്ഞിന് കെഎസ്ഇബി ഇടപെടലിലൂടെ പുതുജീവൻ. തൃക്കരിപ്പൂർ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ കെ.വി.ബിജുവും ലൈൻമാൻ വി.എം.പവിത്രനുമാണ് പക്ഷിയെ തൃക്കരിപ്പൂർ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയത്.
ഒളവറ ഭാഗത്ത് വൈദ്യുതലൈനിലെ അറ്റകുറ്റപണി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പാതയോരത്ത് അവശനിലയിൽ പക്ഷിക്കുഞ്ഞിനെ കണ്ടത്. എടുത്ത് ബൈക്കിൽ കയറ്റി മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏതാണ്ട് രണ്ടുമാസം പ്രായമാണ് മൂങ്ങക്കുഞ്ഞിനുള്ളതെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.ശ്രീവിദ്യ നമ്പ്യാർ പറഞ്ഞു. ചികിത്സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത പക്ഷിയെ പിന്നീട് വനംവകുപ്പ് റസ്ക്യുവർ ഗൗതം മുരളി ഏറ്റുവാങ്ങി വനത്തിൽ വിട്ടു.