ജോൺസൺ അച്ചന് കൃഷിയും ഒരു ശുശ്രൂഷ
1442090
Monday, August 5, 2024 1:57 AM IST
വെള്ളരിക്കുണ്ട്:ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിമുറ്റത്ത് ചെന്നാൽ കാണാം ളോഹയിട്ട ഒരു കർഷകനെ. ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം രാവിലെ പള്ളിയിലെ തിരുക്കർമങ്ങൾ കഴിഞ്ഞാൽ പള്ളിമുറ്റത്ത് ഗ്രോബാഗുകളിലായി കൃഷി ചെയ്തിരിയ്ക്കുന്ന പച്ചക്കറികൾ പരിപാലിക്കുന്നത് കാണാം.
പച്ചക്കറികൾ മാത്രമല്ല മനം കുളിർപ്പിക്കുന്ന വിവിധ ഇനം ചെടികളുമുണ്ട്. ഇവ നടുന്നതും വളമിടുന്നതും നനയ്ക്കുന്നതും ജോൺസൺ അച്ചനാണ്. കൃഷി മാത്രമല്ല ഒരു മുഷിഞ്ഞ ളോഹയുമിട്ട് പളളിയുമായി ചേർന്നുള്ള സ്കൂളിലെ നിർമാണ പ്രവർത്തനങ്ങളിലും ഇദ്ദേഹത്തെ കാണാം. ഓരോ കുടുംബവും അവർക്കാവശ്യമുള്ള പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കണമെന്ന് അച്ചൻ പറയുന്നു.
നിരവധി ഗ്രോബാഗുകളിലായി കൃഷി ചെയ്ത വെണ്ടയുടെ ആദ്യ വിളവെടുപ്പ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. പാരിഷ് കോ-ഓർഡിനേറ്റർ ജിജി കുന്നപ്പള്ളി, ട്രസ്റ്റി ലോറൻസ് മുരുങ്ങത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപകൻ ജോസ് ഇലവുങ്കൽ, തോമസ് മൂശാട്ടിൽ, അഡ്വ.ബിജോ തണ്ണിപ്പാറ എന്നിവർ നേതൃത്വം നൽകി.