മലയോര ഹൈവേയില്‍ വ്യാപക മണ്ണിടിച്ചില്‍; സ്കൂളിനും വീടുകള്‍ക്കും ഭീഷണി
1441387
Friday, August 2, 2024 7:11 AM IST
മഞ്ചേശ്വരം:കനത്ത മഴ തുടരുന്നതിനിടെ പുത്തിഗെ പഞ്ചായത്തിലെ അംഗഡിമുഗറിലെ മലയോര ഹൈവേയില്‍ മണ്ണിടിച്ചില്‍ വ്യാപകമാകുന്നു.
റോഡ് നിര്‍മാണത്തിനായി കുന്നിന് മുകളില്‍ നിന്ന് അശാസ്ത്രീയമായി മണ്ണെടുത്തതിന്റെ ഫലമായാണ് മണ്ണിടിച്ചില്‍ തുടരുന്നത്. കുന്നിന് മുകളില്‍ 1500ഓളം കുട്ടികള്‍ പഠിക്കുന്ന അംഗഡിമുഗര്‍ ജിഎച്ച്എസ്എസിനും താഴെ നിരവധി വീടുകള്‍ക്കും ഇടയിലൂടെയാണ് മലയോര ഹൈവേ കടന്ന് പോകുന്നത്.
സ്കൂളിന്റെ ഭാഗത്ത് നിന്ന് മണ്ണെടുത്ത മേഖലയിലാണ് മണ്ണിടിച്ചില്‍. ഏതു നേരവും നിലം പൊത്താവുന്ന സ്ഥിതിയായതോടെ സ്കൂളിലേക്ക് പോകുന്ന ഏക റോഡും സ്കൂള്‍ കെട്ടിടങ്ങളും താഴെയുള്ള വീടുകളും ദുരന്ത ഭീഷണിയിലാണ്. പ്രദേശത്തെ എട്ടു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ വര്‍ഷവും വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ
കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന റോഡില്‍ കൃത്യമായ സംരക്ഷണഭിത്തിയില്ലാത്തതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ പൊതുമരാമത്ത് മന്ത്രിക്കും കിഫ്ബി അധികൃതര്‍ക്കും എ.കെ.എം.അഷ്റഫ് എംഎല്‍എ കത്തിലൂടെയും നേരിട്ടും അറിയിച്ചതാണ്.
ഇതുവരെയും ഫണ്ടിന്റെ അപര്യാപ്തത മൂലം നടപടിയുണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ തുടരുന്നതിന്റെ ഇരുഭാഗത്തുമായി എച്ച്ടി ലൈനടക്കം കടന്നു പോകുന്നുണ്ട്.
കഴിഞ്ഞദിവസം കെഎസ്ഇബി അധികൃതര്‍ ചില വൈദ്യുതതൂണുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.
മഴ കനക്കുകയാണെങ്കില്‍ അപകട മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ എല്ലാ തൂണുകളും തകര്‍ന്ന് വീഴുമെന്നതിനാല്‍ റോഡിലൂടെ പോകുന്ന നിരവധി വാഹനങ്ങള്‍ക്കും ഭീഷണിയാണ്.
റോഡ് തടഞ്ഞു സമരം ചെയ്യാനൊരുങ്ങുകയാണ് നാട്ടുകാര്‍. എ.കെ.എം.അഷ്റഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.