ജില്ലയിൽ കനത്ത നാശം ; അതീവജാഗ്രത
1440831
Wednesday, July 31, 2024 7:18 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ. പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.10ഓടെയാണ് ജില്ലാ കളക്ടര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു.
ദേശീയപാത നിര്‍മാണം നടക്കുന്ന ചട്ടഞ്ചാല്‍ തെക്കിലില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്ന് ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരം ആറുമുതല്‍ ഇന്നു രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.
കമ്മാടിയില്‍ എട്ടു പട്ടികവര്‍ഗ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
പനത്തടി: കല്ലപ്പള്ളി കമ്മാടി പത്തുകുടിയില്‍ എട്ടു പട്ടികവര്‍ഗ കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.
എട്ടു കുടുംബങ്ങളിലായി 22 അംഗങ്ങളാണ് (11 സ്ത്രീകള്‍, എട്ടു പുരുഷന്മാര്, മൂന്നു കുട്ടികള്‍) ക്യാമ്പിലുള്ളത്. ഏഴു പേര് 60 വയസ് പിന്നിട്ടവരാണ്. ഇന്നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മഴ കനക്കുകയാണെങ്കില്‍ കല്ലപ്പള്ളി ജിഎല്‍പി സ്കൂളില്‍ ക്യാമ്പ് ആരംഭിക്കും.
21 കുടുബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
കള്ളാര്‍: ഓട്ടക്കണ്ടം, കുട്ടിക്കാനം എന്നിവിടങ്ങളിലെ 21 പട്ടികവര്‍ഗ കുടുംബങ്ങളെ (94 അംഗങ്ങള്‍) മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചുള്ളിക്കര ജിഎല്‍പിഎസില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 80 അംഗങ്ങളെ പാര്‍പ്പിച്ചു. മൂന്നു കുടുംബങ്ങളിലെ 14 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്നും ജില്ലാ പഞ്ചായത്ത് റോഡ് തകര്‍ന്ന നിലയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

തൃക്കരിപ്പൂര്‍ മയ്യിച്ച പുഴ കരകവിയുന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാവുന്ന സാധ്യതയുള്ളതിനാല്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാറിന് നിര്‍ദേശം നല്കി. ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ ജാഗ്രതപാലിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
മഞ്ചേശ്വരം താലൂക്കിലെ ആനക്കല്ലില്‍ അക്വേഷ്യ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് കെഎസ്ഇബി ലൈനുകള്‍ക്ക് മുകളില്‍ വീണു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. അടിയന്തിര ധനസഹായമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചു നീക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മധൂര്‍ മധുവാഹിനിപുഴ കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് 30 മീറ്ററോളം കടല്‍ കരയില്‍ കയറിയിട്ടുണ്ട്. മുന്‍കരുതല്‍ ആവശ്യമാണെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാമുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിഷറീസ് എക്സറ്റന്ഷന് ഓഫീസര്‍ അറിയിച്ചു.
വൈകുന്നേരം അഞ്ചു വരെ ഒപി തുടരാന്‍ കളക്ടര്‍ മെഡിക്കൽ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ആംബുലന്‍സ് ലഭ്യത ഉറപ്പാക്കണം. റെഡ് അലര്‍ട്ട് ആയതിനാല്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു.
ഓഗസ്റ്റ് മൂന്നു വരെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പ്രദേശത്ത് കൂടുതല്‍ ശ്രദ്ധ വേണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
രാജപുരം: തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. പൂടംകല്ല് മുണ്ടമാണിയിലെ താഴത്തു വീട്ടില്‍ എൻ.വിനോദിന്റെ വീടാണ് അപകടാവസ്ഥയിലായത്. അപകട സ്ഥലം കള്ളാര്‍ വില്ലേജ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും സംന്ദര്‍ശിച്ചു.
മരങ്ങൾ വീണ് വീടുകൾ തകർന്നു
പെരുമ്പട്ട: പെരുമ്പട്ട കല്ലുവളപ്പിൽ കാർത്യായനിയുടെ വീടിന് മുകളിലേക്ക് വലിയ മരം പൊട്ടിവീണ് മേൽക്കൂര തകർന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലാണ് വലിയ മരം പൊട്ടി ഒരു ഭാഗം വീടിന്റെ മുകളിലേക്ക് വീണത്.
വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയെങ്കിലും മേൽക്കൂര തകർന്നപ്പോൾ വീണ മരവും ഓടിൻ കഷ്ണവും കൊണ്ട് കയ്യൂർ ഐടിഐ വിദ്യാർഥിയായ മകൻ ശ്രീഹരിയുടെ മുതുകിന് പരിക്കേറ്റു. മുക്കടയിലെ ശ്രീകലയുടെ വീട് കാറ്റിലും മഴയിലും മരം വീണ് തകർന്നു. ഇന്നലെ രാവിലെയുണ്ടായ കാറ്റിലാണ് മരം പൊട്ടി വീടിന് മുകളിലേക്ക് വീണത്.
പെരുമ്പട്ട ജിഎൽപി സ്കൂൾ വിദ്യാർഥി ശ്രീരാഗും കുടുംബവും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഓട്ടപടവ്, കൊല്ലൻവളപ്പിൽ ടി.അഹമ്മദ്കുഞ്ഞിയുടെ വീട്ടിലേക്ക് മരം വീണ് അടുക്കളഭാഗത്ത് മേൽക്കൂരയിലെ ഷീറ്റ് തകർന്നു.
മുള്ളിക്കാട് കാറ്റിൽ മരം പൊട്ടി വീണു വൈദ്യുതി മുടങ്ങി. മലയോരത്തെ പ്രധാന നദികളായ തേജസ്വിനിയിലും ചൈത്രവാഹിനിയിലും ജലനിരപ്പ് ഉയരുകയാണ്. കാക്കടവ് പെരുമ്പട്ട, ആമ്പിലേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.