കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണങ്ങളില്‍ പരക്കെ അപാകത
1436611
Wednesday, July 17, 2024 12:30 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ എസ്ജിഎസ്വൈ ഹാള്‍ നവീകരണത്തില്‍ അപാകതയുണ്ടെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 26.21 ലക്ഷം രൂപയ്ക്ക് ഹാള്‍ നവീകരണത്തിന് ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനാണ് (ആര്‍ട്കോ) കരാര്‍ നല്‍കിയത്.
എന്നാല്‍, ഇന്റീരിയല്‍ ഫര്‍ണിഷിംഗ് ജോലി ഏറ്റെടുക്കുന്നതിന് മാത്രമാണ് ആര്ട്കോയ്ക്ക് അക്രഡിറ്റേഷന് ലഭിച്ചതെന്നും ഫാള്‍സ് സിലിംഗ് നിര്‍മാണം വാള് പാനലിംഗ് വര്‍ക്ക്, വിന്‍ഡോസ് ഫാബ്രിക്കേഷന്‍, വയറിംഗ്, വൈദ്യുതി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് വ്യക്തതയില്ലെന്നും ഇതിനു ധനകാര്യവകുപ്പില്‍ നിന്നു ക്ലിയറന്‍സ് വാങ്ങണമെന്നുമാണ് ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. ആദായനികുതിയും നിര്‍മാണതൊഴിലാളി ക്ഷേമനിധി വിഹിതവും അടയ്ക്കാതെയാണ് ഏജന്‍സിക്ക് തുക നല്‍കിയതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇതിനു മറുപടി ലഭിച്ചില്ലെന്നും 2022-23 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. അപാകതകള്‍ പരിഹരിച്ച് ആവശ്യമായ വ്യക്തത വരുത്തണമെന്നായിരുന്നു നിര്‍ദേശം.
ഹാള്‍ നവീകരണസമയത്തുതന്നെ പ്രതിപക്ഷത്തെ യുഡിഎഫ് അംഗങ്ങള്‍ ക്രമക്കേട് ആരോപിച്ചിരുന്നു. ചുമര് പാനലിംഗിന് 13.9 ലക്ഷം, മൂന്ന് തേക്കുവാതിലുകള്ക്ക് 1.05 ലക്ഷം, ചുവപ്പ് പരവതാനി വിരിക്കാന്‍ 1.37 ലക്ഷം, വയറിംഗിന് നാലുലക്ഷം എന്നിങ്ങനെ ഒരു ചെറിയ ഹാള്‍ നവീകരിക്കാനാണ് ഇത്രയും ലക്ഷങ്ങള്‍ പൊടിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കരാറെടുത്ത സ്ഥാപനത്തിന് തുക അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ വിയോജനകുറിപ്പും രേഖപ്പെടുത്തിയിരുന്നു.
ബ്ലോക്കിന്റെ കീഴിലുള്ള പെരിയ കുടുംബാരോഗ്യകേന്ദ്രത്തിലെ നിര്‍മാണത്തെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഫാര്‍മസി ഇനിയും തുറന്നിട്ടില്ല. ഒരു മഴ പെയ്താല്‍ വെള്ളം മുഴുവന്‍ കെട്ടിടത്തിനുള്ളിലാണെന്നാണ് പരാതി. ബ്ലോക്കിന്റെ തന്നെ പെരിയയിലെ കമ്യൂണിറ്റി ഹാളും എട്ടുലക്ഷം രൂപ ചെലവില്‍ നവീകരിച്ചിരുന്നു. ഈ കെട്ടിടത്തിനും ചോര്‍ച്ചയുണ്ടെന്നാണ് ആക്ഷേപമുയരുന്നത്. പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് പറഞ്ഞു.