സണ്ണിയുടെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യം
1436525
Tuesday, July 16, 2024 1:48 AM IST
ചിറ്റാരിക്കാൽ: കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് മരണപ്പെട്ട സണ്ണിയുടെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവുമായി കർഷകർ. വന്യജീവികളുടെ ആക്രമണം മൂലം വനത്തിനകത്തോ പുറത്തോ വച്ച് ജീവഹാനി സംഭവിച്ചാൽ നല്കുന്ന പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങൾക്കും ബാധകമാക്കാൻ രണ്ടുവർഷം മുമ്പ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച് വനംമന്ത്രിയുടെ പ്രഖ്യാപനം നടന്നതല്ലാതെ ഒരു കുടുംബത്തിനും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
അപകടകാരികളായ മലന്തേനീച്ചകളും കടന്നലുകളും വനത്തിന് പുറത്ത് കൃഷിയിടങ്ങളിൽ പോലും കൂടുകൂട്ടുന്നത് കർഷകരുടെ ജീവന് നിരന്തര ഭീഷണിയാണ്.
മുമ്പ് വൻ മരങ്ങളിൽ മാത്രം കൂടുകൂട്ടിയിരുന്ന ഇവ ഇപ്പോൾ തെങ്ങുകളിൽ പോലും വന്നുകൂടുകയാണ്. അടുത്ത കാലത്തുതന്നെ മലയോരമേഖലയിൽ പലയിടങ്ങളിലും ഇവയുടെ കുത്തേറ്റ് സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.