മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് നഷ്ടമായത് 1.94 കോടി രൂപ
1435601
Saturday, July 13, 2024 1:39 AM IST
കാഞ്ഞങ്ങാട്: ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വ്യാജ ട്രേഡിംഗ് ആപ്പുകള്‍ വഴി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനില്‍നിന്നും തട്ടിയെടുത്തത് 1,94,42,603 രൂപ. പള്ളിക്കര പനയാലിലെ ബി.പി.കൈലാസ് (37) ആണ് തട്ടിപ്പിനിരയായത്. ജെംവേ, ജെംവിജി എന്നീ ട്രേഡിംഗ് ആപ്പുകള്‍ വഴിയാണ് ജൂണ്‍ രണ്ടു മുതല്‍ ജൂലൈ അഞ്ചുവരെയുള്ള തീയതികളിലായി 20ഓളം ഇടപാടുകള്‍ നടത്തി പണം തട്ടിയെടുത്തത്.
കാനറ, എസ്ബിഐ, യൂണിയന്, ബറോഡ തുടങ്ങിയ ബാങ്കുകളുടെ തമിഴ്നാട്, രാജസ്ഥാന്, കോല്‍ക്കത്ത എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിവിധ അക്കൗണ്ടുകളിലൂടെ 20 ഓളം ഇടപാടുകള്‍ വഴിയാണ് പണം തട്ടിയെടുത്തത്. ലാഭവിഹിതമോ മുടക്കുമുതലോ തിരികെ കിട്ടാതായതോടെ സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. 40 ലക്ഷത്തോളം രൂപയാണ് തന്റെയും അമ്മയുടെയും പക്കൽ ഉണ്ടായതെന്നും ബാക്കി തുകയെല്ലാം സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളിൽനിന്നും വാങ്ങി നല്‍കിയതാണെന്നും കൈലാസ് പറഞ്ഞു.
വാട്സ് ആപ് ഗ്രൂപ്പിലാണ് ആദ്യം തന്നെ ആഡ് ചെയ്തത്. പിന്നീട് തട്ടിപ്പുകാര്‍ നേരിട്ട് ചാറ്റിലൂടെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ട്രേഡിംഗ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ വഴി തെരഞ്ഞാണ് ട്രേഡിംഗ് കമ്പനി യാഥാര്‍ഥ്യമാണോയെന്ന് പരിശോധിച്ചത്. വിശ്വസിച്ചതിനാല്‍ മറ്റ് തരത്തിലുള്ള അന്വേഷണമൊന്നും നടത്തിയില്ല. ബന്ധുക്കളുടെയും മറ്റും പേരിലുണ്ടായിരുന്ന ഫിക്സഡ് ഡെപ്പോസിറ്റും സ്വര്‍ണം പണയം വച്ചും ട്രേഡിംഗ് ആപ്പിൽ നിക്ഷേപിച്ചു. ട്രേഡിംഗ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നേരിട്ട് ഫോണ്‍ വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചാറ്റിംഗിലൂടെയാണ് എല്ലാ ഇടപാടുകളും നടത്തിയതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. തട്ടിപ്പിന് പിന്നില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളതെന്നും സംശയിക്കുന്നു.