അനധികൃത അടയ്ക്ക ഇറക്കുമതി വെല്ലുവിളി: മന്ത്രി പ്രസാദ്
1435302
Friday, July 12, 2024 1:46 AM IST
കാഞ്ഞങ്ങാട്: അനധികൃത അടയ്ക്ക ഇറക്കുമതിയാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിയമസഭയിൽ ഇ.ചന്ദ്രശേഖരന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടയ്ക്ക ഉത്പാദനത്തില്‍ ദേശീയതലത്തില്‍ രണ്ടാംസ്ഥാനത്താണ് കേരളം. ഉത്തരകേരളത്തില്‍ കമുക് കൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തില്‍ 94,085 ഹെക്ടര്‍ സ്ഥലത്ത് കമുക് കൃഷിചെയ്യുന്നുണ്ട്. ഉത്പാദന ചെലവിന് അനുസരിച്ച് വില കര്ഷകന് ലഭ്യമാകാതെ വരുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിലെ അടയ്ക്ക ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ 2019-20 മുതല്‍ 2022-23 വരെ വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2019-20ല്‍ 16,761 മെട്രിക് ടണ്‍ അടയ്ക്ക ഇറക്കുമതി ചെയ്തപ്പോള്‍ 2022-23ല്‍ അത് 73,982 മെട്രിക് ടണ്‍ ആയിട്ടുണ്ട്.
കമുക് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഇറക്കുമതി നയങ്ങള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. 2023 -24 രാജ്യത്തെ അനധികൃതമായി ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച 6760. 8 മെട്രിക് ടണ്‍ അടയ്ക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
കേരളത്തിലെ അടയ്ക്ക കര്‍ഷകര്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് മഞ്ഞളിപ്പ് രോഗം. ഇതേക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയും സിപിസിആര്‍ഐയും പഠനങ്ങള്‍ നടത്തുകയും പരിപാലനമുറകള്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കുകയും ചെയ്തു.
യഥാസമയം ജലസേചനവും പോഷക പരിപാലനവും നടത്തുക, മറ്റേതെങ്കിലും കീടരോഗ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് പതിവായി നിരീക്ഷിക്കുക, മണ്ണിന്റെ പിഎച്ച് മൂല്യം ന്യൂട്രലായി നിലനിര്‍ത്തുക, രോഗം ഗുരുതരമായി ബാധിച്ച തോട്ടങ്ങളില്‍ നിന്ന് എല്ലാ കമുകുകളും മുറിച്ചുമാറ്റുക, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം നല്ല കാര്‍ഷിക രീതികളും പിന്തുടരുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങളായി പഠനത്തിലൂടെ നിര്‍ദേശിച്ചിട്ടുള്ളത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ബ്ലോക്ക് തല കൃഷിവിജ്ഞാനകേന്ദ്രം പ്രതിനിധികള്‍ എന്നിവ അടങ്ങുന്ന ഒരു ടീം രോഗം ബാധിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കൂടാതെ വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരം ഉള്ള വിളനിരീക്ഷണ ഉപദേശക സംവിധാനങ്ങളിലൂടെ കര്‍ഷകര്‍ക്ക് കൃത്യമായ ഉപദേശം നല്കി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.