ലഹരിവിരുദ്ധ ദിനാചരണം: എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് വിമോചനയാത്ര
1431199
Monday, June 24, 2024 1:05 AM IST
പയ്യാവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് 26, 27 തീയതികളിലായി വിമോചന യാത്ര നടത്തും. തലശേരി അതിരൂപത മദ്യവിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ ഡി-അഡിക്ഷൻ സെന്റർ, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഡ്രീം പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിമോചന യാത്ര.
26ന് രാവിലെ 9.30ന് എടൂരിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. എടൂർ ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറി അധ്യക്ഷത വഹിക്കും. പ്രതീക്ഷ ഡയറക്ടർ ഫാ. ജോസഫ് പൂവത്തോലിൽ ആമുഖ പ്രഭാഷണവും അതിരൂപതാ ലേ അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ അനുഗ്രഹ പ്രഭാഷണവും മാത്യു എം. കണ്ടത്തിൽ മുഖ്യപ്രഭാഷണവും നടത്തും. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട്, എഡിഎസ്യു പ്രതിനിധി അലോൺ ഷിജു, മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. "പരേതന് പറയാനുള്ളത് ' എന്ന ലഹരി വിരുദ്ധ ലഘുനാടകവും അരങ്ങേറും.
ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ചെമ്പന്തൊട്ടി, വായാട്ടുപറമ്പ്, കരുവഞ്ചാൽ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി ആദ്യദിവസം ആലക്കോട് സമാപിക്കും. 27 ന് രാവിലെ തേർത്തല്ലിയിൽ നിന്നാരംഭിച്ച് ചെറുപുഴ, പുളിങ്ങോം, പാലാവയൽ, ചിറ്റാരിക്കാൽ, ഭീമനടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെള്ളരിക്കുണ്ടിൽ സമാപിക്കും.