പെട്രോളിയം ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധം
1431109
Sunday, June 23, 2024 7:01 AM IST
കാസർഗോഡ്: പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെത്തുന്ന മുഴുവന്‍ ടാങ്കര്‍ ലോറികളും പോലീസ് പരിശോധിക്കും. സഹായികളില്ലാത്ത പെട്രോളിയം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളെ തടയും.
ആവശ്യഘട്ടങ്ങളില്‍ സേവനം വേഗത്തില്‍ എത്തിക്കുന്നതിനായി തലപ്പാടി മുതല്‍ കേരള പോലീസിന്റെ പൈലറ്റ് വാഹനങ്ങള്‍ അനുവദിക്കും. തലപ്പാടി വരെയുള്ള യാത്ര സുഗമമാക്കാന്‍ ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണറോട് സഹകരണം ആവശ്യപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. തങ്ങള്‍ക്ക് 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സംവിധാനമുണ്ടെന്നും ആവശ്യഘട്ടത്തില്‍ വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വരുന്നുണ്ടെന്നും വിവിധ പെട്രോള്‍ കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചു.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കെതിരെ ജാഗ്രത ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന നടത്തി എല്ലാ ദിവസവും ഡിഡിഎംഎയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിനും ആരോഗ്യവകുപ്പിനും കളക്ടര്‍ നിര്‍ദേശം നല്കി.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പെട്രോളിയം കമ്പനി പ്രതിനിധികളായ ജെ.വിജയസൂര്യ, വി.ശുഭജ്യോത്സന, ശിവരാജ് സിംഗ്, പി.കെ.പട്നായ്ക്, പി.രവിന്ദു, എഡിഎം കെ.വി.ശ്രുതി, ജില്ലാ ഫയര്‍ ഓഫീസര്‍ ബി.രാജ, കെഎസ്പിസിബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജെ.ആര്‍തര്‍ സേവ്യര്‍, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഡോ.പി.ടി.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ കെ.പ്രസാദ്, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.