അഗ്നിരക്ഷാനിലയം ചീമേനിയിൽ; മലയോരത്തിന് നിരാശ
1430544
Friday, June 21, 2024 1:48 AM IST
വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം ദീർഘനാളായി നിലനില്‍ക്കുന്നതിനിടയിൽ ജില്ലയിൽ പുതുതായി അനുവദിച്ച അഗ്നിരക്ഷാനിലയം ചീമേനിയിലേക്ക്. മലയോരത്തിന്റെ കണക്കിലാണെങ്കിലും വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങൾക്കും പ്രയോജനപ്പെടാത്ത ഇടത്താണ് പുതിയ നിലയം വരുന്നത്. ചീമേനിയിൽ നിന്ന് അധികം ദൂരെയല്ലാതെ കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് ഇപ്പോൾതന്നെ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നുമുണ്ട്.
ഭീമനടിയിലും വെള്ളരിക്കുണ്ടിലും പരപ്പയിലുമാണ് അഗ്നിരക്ഷാ നിലയത്തിനായി ഏറ്റവുമധികം ആവശ്യം ഉയർന്നിരുന്നത്. വെള്ളരിക്കുണ്ട് താലൂക്കിലെ ദുർഗമമായ മലയോര മേഖലകളിൽ തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഇപ്പോൾ കാഞ്ഞങ്ങാട് നിന്നോ തൃക്കരിപ്പൂർ, പെരിങ്ങോം, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നോ ആണ് അഗ്നിരക്ഷാസേന എത്തേണ്ടത്. ഇത്രയും ദൂരെനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഒന്നുകിൽ അത്യാഹിതങ്ങൾ സംഭവിക്കുകയോ അല്ലെങ്കിൽ നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം നടത്തുകയോ ആണ് ഉണ്ടാവുക. ഇനി ചീമേനിയിൽ പുതിയ നിലയം തുടങ്ങിയാലും പെരിങ്ങോത്തിനെ അപേക്ഷിച്ച് വലിയ വ്യത്യാസമൊന്നും വരാനില്ല.
തൃക്കരിപ്പൂർ മണ്ഡലത്തിന്റെ കണക്കിലാണ് ചീമേനിയിൽ അഗ്നിരക്ഷാനിലയം അനുവദിച്ചത്. ഇത് ഭീമനടിയിലായിരുന്നെങ്കിൽ മലയോരത്തിന് ഏറെ പ്രയോജനം ചെയ്യുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഭീമനടിയിൽ നിന്ന് വെള്ളരിക്കുണ്ട് താലൂക്കിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും താരതമ്യേന കുറഞ്ഞ ദൂരത്തിലും സമയത്തിലും എത്താൻ കഴിയുമായിരുന്നു. പക്ഷേ തൃക്കരിപ്പൂർ മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളോടുള്ള അവഗണനയ്ക്ക് ഇത്തവണയും മാറ്റമുണ്ടായില്ല.
ചീമേനിയിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിനായി മൂന്നു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായാണ് കഴിഞ്ഞ ദിവസം എം.രാജഗോപാലൻ എംഎൽഎ അറിയിച്ചത്. ചീമേനി ടൗണിന് സമീപം പ്ലാന്റേഷൻ കോർപറേഷൻ വിട്ടുനല്‍കിയ മൂന്നേക്കർ സ്ഥലത്താണ് നിലയം സ്ഥാപിക്കുക. ഇവിടെ നിർമിക്കുന്നതിനുള്ള കെട്ടിടത്തിന്റെ രൂപരേഖയും പൊതുമരാമത്ത് വിഭാഗം തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അഞ്ച് അഗ്നിരക്ഷാ എൻജിനുകൾക്ക് ഒരേസമയം നിർത്തിയിടാവുന്ന ഗാരേജും നിർമിക്കും.
തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ഊഴം കഴിഞ്ഞതോടെ ഇനി കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ കണക്കിൽ വെള്ളരിക്കുണ്ടിലോ പരപ്പയിലോ പുതിയ നിലയം വരുമോയെന്നാണ് മലയോരം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.