എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി
1430085
Wednesday, June 19, 2024 1:51 AM IST
എണ്ണപ്പാറ: മഴക്കാല രോഗങ്ങൾ പെരുകുന്നതിനിടയിൽ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിനു ശേഷം സാധാരണ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെയും ഞായറാഴ്ചകളിൽ ഉച്ചവരെയും ഇവിടെ ചികിത്സ ലഭ്യമായിരുന്നു.
ഡോക്ടർമാരുടെ കുറവ് മൂലമാണ് ഇപ്പോൾ വീണ്ടും ഞായറാഴ്ച അടക്കേണ്ടിവന്നത്. മലയോരത്ത് പനിബാധിതരുടെ എണ്ണം കൂടിയതോടെ ഇവിടെ ആകെയുള്ള ഡോക്ടർമാർക്ക് നിന്നുതിരിയാനാകാത്ത വിധത്തിലുള്ള തിരക്കാണ്. പലപ്പോഴും നിശ്ചിത സമയം കഴിഞ്ഞും ഒപിയിലെ തിരക്ക് നീളുന്നുണ്ട്. ഇവർക്ക് പേരിനെങ്കിലും വിശ്രമം കൊടുക്കണമെങ്കിൽ ഞായറാഴ്ച അവധി നല്കുകയല്ലാതെ വഴിയില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. താത്കാലികാടിസ്ഥാനത്തിലെങ്കിലും ഒരു ഡോക്ടറെ കൂടുതലായി കിട്ടിയാൽ വീണ്ടും ഞായറാഴ്ചകളിൽ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും അവർ പറയുന്നു.