വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര സഹായത്തോടെ സൗരോർജ വേലി
1429842
Monday, June 17, 2024 12:58 AM IST
കാസർഗോഡ്: വന്യജീവിശല്യം പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ 12 ജില്ലകളിൽ സൗരോർജവേലികൾ നിർമിക്കാൻ പദ്ധതി തയ്യാറായി. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തി 25 കോടി രൂപയാണ് കേന്ദ്രം പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ഈ തുക ആലപ്പുഴയും പത്തനംതിട്ടയും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകൾക്കായി വീതിച്ചുനല്കും. ആലപ്പുഴയിൽ വനമേഖലകളില്ല. കൂടുതൽ വനമേഖലകളുള്ള പത്തനംതിട്ട ജില്ലയിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നാണ് സൂചന.
സൗരോർജവേലിയുടെ രൂപരേഖ തയ്യാറാക്കി നല്കിയ ആറ് ജില്ലകൾക്ക് ഇതിനകം തന്നെ തുക അനുവദിച്ച് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ (2.18 കോടി), വയനാട് (3.88 കോടി), കോഴിക്കോട് (1.25 കോടി), ഇടുക്കി (2.2 കോടി), കോട്ടയം (1.9 കോടി), കൊല്ലം (1.89 കോടി) എന്നിങ്ങനെയാണ് ഇതിനകം തുക അനുവദിച്ചത്. ഓരോ ജില്ലയിലെയും എവിടെയൊക്കെയാണ് സൗരോർജവേലി വേണ്ടതെന്നും എത്ര കിലോമീറ്റർ ദൂരത്തിലാണ് ആവശ്യമുള്ളതെന്നും നിശ്ചയിച്ച് രൂപരേഖ തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള ചുമതല പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്കാണ്. ഇതിനായി കർഷകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. നിലവിൽ സൗരോർജവേലി നിർമിച്ചിട്ടുള്ള സ്ഥലങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തില്ല. എന്നാൽ അതിന് അനുബന്ധമായി കൂടുതൽ ഭാഗങ്ങളിൽ വേലി ആവശ്യമാണെങ്കിൽ പരിഗണിക്കും.
പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവിഹിതത്തിൽ നിന്നും 40 ശതമാനം സംസ്ഥാന വിഹിതമായും ലഭ്യമാക്കും. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് കഴിഞ്ഞ മാർച്ചിൽതന്നെ ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് നടപടിക്രമങ്ങൾ വൈകിയത്. അവശേഷിക്കുന്ന ആറ് ജില്ലകളിലും സൗരോർജവേലിയുടെ രൂപരേഖ തയ്യാറാക്കിനല്കുന്ന മുറയ്ക്ക് തുക അനുവദിച്ച് ഈ വർഷം തന്നെ നിർമാണപ്രവർത്തനം തുടങ്ങാനാണ് ധാരണ.