കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് കൈമാറി
1425681
Wednesday, May 29, 2024 1:05 AM IST
കോളിച്ചാൽ: കളഞ്ഞു കിട്ടിയ ഒരു പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി.കോളിച്ചാൽ മാട്ടക്കുന്ന് സ്വദേശി ശ്രീകുമാറിന്റെ കുട്ടിയുടെ മാലയായിരുന്നു ഇത്. മെട്രോ സൂപ്പർമാർക്കറ്റിന് സമീപത്ത് കോളിച്ചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റും നിലവിൽ പനത്തടി സെന്റ് ജോസഫ് ഫൊറോന ചർച്ച് കോഓർഡിനേറ്ററും കോൺഗ്രസ് നേതാവുമായ വി.സി.ദേവസ്യയ്ക്കാണ് സ്വർണമാല വീണുകിട്ടിയത്.
ഉടൻതന്നെ അദ്ദേഹം ഇതു മെട്രോ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വില്ലേജ് മാർട്ട് സൂപ്പർമാർക്കറ്റിൽ ഏൽപ്പിക്കുകയും സോഷ്യൽ മീഡിയ വഴി മാല കളഞ്ഞു കിട്ടിയ വിവരം അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാത്രി തന്നെ മാലയുടെ അവകാശിയെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ 10 മണിയോടെ കോളിച്ചാൽ മെട്രോ കോംപ്ലക്സിൽ വി.സി.ദേവസ്യ ശ്രീകുമാറിന് സ്വർണമാല കൈമാറി.