ജില്ലയുടെ നാല്പതാം പിറന്നാളിന് നാല്പത് വൃക്ഷത്തൈകൾ നട്ടു
1424731
Saturday, May 25, 2024 1:32 AM IST
കാസർഗോഡ്: ജില്ലയുടെ നാല്പതാം പിറന്നാളിനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിൽ നാല്പത് വൃക്ഷത്തൈകൾ നട്ടു.
ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരത്തിന്റെ തൈ നട്ടുകൊണ്ട് കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായ ശില്പി കാനായി കുഞ്ഞിരാമൻ കാഞ്ഞിരത്തൈയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നെല്ലിത്തെയും നട്ടു.
ചന്ദനം, ചമത, പ്ലാവ്, ഇലഞ്ഞി, ബദാം, പേര, കണിക്കൊന്ന, മരുത് തുടങ്ങിയ മരങ്ങളുടെ തൈകളും നട്ടു. സാമൂഹ്യ വനവത്കരണ വിഭാഗം അസി.ഫോറസ്റ്റ് കൺസർവേറ്റർ എ.ഷജ്ന, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഗിരീഷ്, ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ എന്നിവർ നേതൃത്വം നൽകി.
പ്രകൃതിചൂഷണം അമിതമാകുന്നത് മനുഷ്യരാശിയെ ബാധിക്കുകയാണെന്നും പുരോഗതി അശാസ്ത്രീയമാകരുതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ കാനായി കുഞ്ഞിരാമൻ പറഞ്ഞു.
എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ സാധാരണക്കാർക്ക് കൃത്യമായി ലഭ്യമാക്കുന്നതിനായി എല്ലാ ജീവനക്കാരും പ്രയത്നിക്കണമെന്ന് ജില്ലയുടെ നാല്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു.
സാമൂഹിക വനവത്കരണ വിഭാഗം അസി.കൺസർവേറ്റർ എ.ഷജ്ന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, അസി.ഇൻഫർമേഷൻ ഓഫീസർ എ.പി.ദിൽന, നെഹ്റു യുവകേന്ദ്ര ജില്ലാ പ്രോഗ്രാം ഓഫീസർ പി.അഖിൽ, എസ്.സുസ്മിത, ഗവ.കോളജ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി പി.രേവതി എന്നിവർ പ്രസംഗിച്ചു.