ബിരിക്കുളം-കാളിയാനം റോഡിൽ വാഴനട്ട് കോൺഗ്രസ്
1424536
Friday, May 24, 2024 1:27 AM IST
പരപ്പ: പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായ ബിരിക്കുളം-കാളിയാനം റോഡിൽ വാഴനട്ട് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പത്തോളം സ്കൂൾ ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും ദിവസേന കടന്നു പോകുന്ന റോഡ് കാലങ്ങളായി അറ്റകുറ്റപണി നടത്താതെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഇരുചക്ര വാഹനങ്ങൾ പലതവണ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ജൽജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡിന്റെ വശങ്ങളിൽ കുഴിയെടുത്തിരുന്നു. ഇതിന്റെ മണ്ണ് കൂടി റോഡിലാണ് വന്നുവീണത്. അതിനു മുകളിൽ മഴ കൂടി പെയ്തതോടെ ആകെ കുഴഞ്ഞ് ചെളിക്കുളമായി. ഈ കുഴികളിൽ വാഴ വച്ചാണ് കാളിയാനം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികളുണ്ടായില്ലെങ്കിൽ കിനാനൂർ-കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നിലക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി.ഒ.സജി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാളിയാനം അധ്യക്ഷതവഹിച്ചു. ബാലഗോപാലൻ കാളിയാനം, റെജി തോമസ്, രാജീവൻ കാളിയാനം, ശ്രീനാഥ് കാളിയാനം, രാഘവൻ കാര്യ, നാരായണൻ കോളിയന്തടം, സുരേഷ് വടക്കേക്കര, രാജൻ പി.പൊള്ളക്കട, സ്റ്റാലിൻ ജോസ്, അനു ഇടക്കര എന്നിവർ നേതൃത്വം നല്കി.