പെരുമഴക്കാലത്തും കൃഷിയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷം
1424532
Friday, May 24, 2024 1:27 AM IST
കാനത്തൂർ: പെരുമഴയത്തും പയസ്വിനിക്കരയിലെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം ഒടുങ്ങുന്നില്ല. രണ്ടാഴ്ച മുമ്പ് മുളിയാർ വനത്തിലെത്തി തമ്പടിച്ച രണ്ട് ഒറ്റയാൻമാരും കഴിഞ്ഞ ദിവസം കാനത്തൂർ, കൂടാല, കാലിപ്പള്ളം ഭാഗങ്ങളിൽ വ്യാപക കൃഷിനാശം വരുത്തി. രാത്രി മുഴുവനും പെയ്ത മഴയുടെ ശബ്ദത്തിനിടയിൽ ആനകളുടെ സാന്നിധ്യം തിരിച്ചറിയാൻ കർഷകർക്ക് കഴിയാതിരുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി.
കൂടാലയിലെ കെ.പി.ചിദാനന്ദൻ, രാധ, രാജേന്ദ്രൻ, ശശിധരൻ, ചരടൻ നായർ, നാരായണൻ, പ്രശാന്ത് കാലിപ്പള്ളം എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലാണ് ഇവ നാശം വിതച്ചത്.
കുലച്ചതും മൂപ്പെത്തിയതുമായ വാഴകളും കമുകിൻ തൈകളും തെങ്ങിൻതൈകളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു. ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനുകളും സ്പ്രിംഗ്ളറുകളും ചവിട്ടിപ്പൊളിച്ചു. തോട്ടങ്ങൾക്ക് ചുറ്റിലും നിർമിച്ച വേലികൾ തകർത്തെറിഞ്ഞു. കടപ്ലാവുകളും ചെറുപ്ലാവുകളുമുൾപ്പെടെ കുത്തിമറിച്ചിട്ടു. ഒരു മോട്ടോർ ഷെഡും തകർത്തു. ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്.
മുൻകാലങ്ങളിൽ വേനലിൽ വെള്ളം കിട്ടുന്ന വഴി തേടി പുഴക്കരയിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനകൾ മഴ തുടങ്ങിയാൽ കാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു പതിവ്. എന്നാൽ ഇതിനും ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.
നാട്ടിലെ കൃഷിയിടങ്ങളിൽ നിന്ന് കൂടുതൽ ആഹാരം കിട്ടുമെന്നായതോടെ ഇവ ഇവിടെതന്നെ തമ്പടിക്കുകയാണ്.
ഇനി പുഴയിൽ നീരൊഴുക്ക് വർധിച്ചാൽ ആനകളെ മറുകര കടത്താനും വിഷമമാകും. അതിനുമുമ്പ് ഇവയെ തുരത്തുന്നതിനുള്ള അടിയന്തിര നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
കാട്ടാനകൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ മുറയ്ക്ക് അപേക്ഷ നല്കുന്നുണ്ടെങ്കിലും ഒരു വർഷത്തിലേറെയായി ആർക്കും സഹായം കിട്ടിയിട്ടില്ല.
നാമമാത്രമായ നഷ്ടപരിഹാരമെങ്കിലും ലഭിച്ചിട്ടുള്ളത് 2022 ഡിസംബർ വരെ മാത്രമാണ്. അതിനു ശേഷവും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മാത്രം ഉണ്ടായിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിലും വനംവകുപ്പും കൃഷിവകുപ്പുമെല്ലാം ഒളിച്ചുകളി നടത്തുകയാണ്.