കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: രതീശനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം
1424115
Wednesday, May 22, 2024 1:48 AM IST
കാറഡുക്ക: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന വന്‍സാമ്പത്തിക തിരിമറിയെ കുറിച്ച് അന്വേഷണം സമഗ്രമാക്കണമെന്നും സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന കെ.രതീശനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഎം കാറഡുക്ക ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ സെക്രട്ടറി നടത്തിയ ക്രമക്കേടിലും ലോക്കറില്‍ നിന്നും സ്വര്‍ണം കട്ടുകൊണ്ട് പോയ വകയിലും സൊസൈറ്റിക്ക് നഷ്ടമായ 4.76 കോടി തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ പോലീസും സഹകരണ വകുപ്പും സ്വീകരിക്കണം.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് എന്നതു കൊണ്ടു തന്നെ സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും സ്വര്‍ണപണയം വെച്ചവര്‍ക്കും അവരുടെ സ്വര്‍ണവും പണവും നഷ്ടമാകാതിരിക്കുന്നതിനുള്ള ജാഗ്രത സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടാവും. സൊസൈറ്റിക്ക് നഷ്ടമായ പണം തിരിച്ചുപിടിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
രതീശന് സൊസൈറ്റിയില്‍ നിന്നും തട്ടിയെടുത്ത തുക മുഴുവന്‍ ചെലവഴിക്കുന്നത് രതീശന് ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയ ആണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സംഘത്തില്‍പെട്ട മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും രതീശന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തെങ്കില്‍ മാത്രമെ തട്ടിപ്പിന്റെ പൂര്‍ണ രൂപം പുറത്ത് വരുകയുള്ളു. സൊസൈറ്റിയുടെ സെക്രട്ടറി നടത്തിയ ക്രമക്കേട് അറിഞ്ഞയുടന്‍ തന്നെ ഭരണസമിതി ഇയാള്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇയാള്‍ക്കെതിരെ പോലീസിന് പരാതി നല്കിയതും ഭരണസമിതിയുടെ പ്രസിഡന്റാണ്.
സിപിഎമ്മിന്റെ പ്രാഥമികംഗത്വത്തില്‍ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതില്‍ ഭരണസമിതിക്കും, സിപിഎമ്മിനും ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനില്ല. അതോടൊപ്പം തന്നെ സെക്രട്ടറി നടത്തിയ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞു മാറുന്നുമില്ലെന്നും നേതൃത്വം അറിയിച്ചു.