വെയിലായാലും മഴയായാലും അടുക്കളയിൽ തീവിലക്കാലം
1424114
Wednesday, May 22, 2024 1:48 AM IST
കാസർഗോഡ്: വേനലായാലും മഴയായാലുമൊന്നും പച്ചക്കറി വിലയെ അത് ബാധിക്കില്ലെന്ന അവസ്ഥയാണിപ്പോൾ. പാവയ്ക്കയുടെയും അച്ചിങ്ങാപ്പയറിന്റെയുമൊക്കെ വില മൂന്നക്കം തൊട്ടിട്ട് നാളുകളേറെയായി. ബീൻസാണെങ്കിൽ അതുക്കുംമേലെ 160 ലെത്തി. ചേനയും ചേമ്പും പച്ചമുളകും നൂറിനോടടുക്കുന്നു. വെണ്ടയും കോവയ്ക്കയും പീച്ചിലുമെല്ലാം അമ്പത് കടന്നു.
തക്കാളിയും ഉരുളക്കിഴങ്ങും വഴുതനയും കാബേജും മുപ്പതിനും നാല്പതിനുമിടയിൽ അല്പം ആശ്വാസമായി നില്ക്കുന്നു. അതിലും താഴെ നില്ക്കുന്നത് വെള്ളരിയും കുമ്പളങ്ങയും മാത്രം.
ഇത്രയും വിലകൊടുത്ത് പച്ചക്കറി വാങ്ങുന്നതിനേക്കാൾ ഭേദം ചിക്കനാണെന്ന് കരുതിയാൽ, അതിന്റെയും വില ഇരുനൂറിനോടടുക്കുകയാണ്. ചില്ലറ വിപണിയിൽ കിലോ 180 രൂപയിൽ കുറഞ്ഞ് ചിക്കൻ കിട്ടാനേയില്ല. മത്സ്യമാർക്കറ്റിൽ പോയാൽ ഇരുനൂറും മുന്നൂറും കടന്നുള്ള കണക്കുകൾ മാത്രമേ കേൾക്കാനുള്ളൂ.
ചിക്കന്റെ കാര്യത്തിൽ കടുത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്ന അവസ്ഥയുണ്ടായപ്പോൾ തമിഴ്നാട്ടിലെ ചെറുകിട ഫാമുകളെല്ലാം തത്കാലം അടച്ചുപൂട്ടിയതു മൂലമുണ്ടായ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഇനി അവയെല്ലാം വീണ്ടും തുറന്ന് ഉല്പാദനം തുടങ്ങിയാൽ വില അല്പമെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ. മത്സ്യത്തിന്റെ കാര്യത്തിൽ കാലാവസ്ഥാമാറ്റം മൂലം മീനുകളുടെ ലഭ്യത കുറഞ്ഞതാണ് പ്രശ്നം. ഇനി വരാൻ പോകുന്നത് ട്രോളിംഗ് നിരോധനക്കാലമായതുകൊണ്ട് ക്ഷാമം കൂടാനാണ് സാധ്യത.
പക്ഷേ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ ഉല്പാദനം കൂടിയാലും കുറഞ്ഞാലും ഇടനിലക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടുകയാണെന്ന പരാതി വ്യാപാരികൾ തന്നെ ഉന്നയിക്കുന്നുണ്ട്. നാടൻ പച്ചക്കറികൾ വിപണിയിലെത്തുന്ന സമയത്ത് പെട്ടെന്നുതന്നെ വില താഴുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.