കള്ളാര്‍ അടോട്ടുകയ റോഡില്‍ മണ്ണിടിഞ്ഞു; രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍
1424111
Wednesday, May 22, 2024 1:48 AM IST
രാജപുരം: പത്തുകോടി രൂപ ചെലവിൽ നവീകരിച്ച കള്ളാര്‍-അടോട്ടുകയ പൊതുമരാമത്ത് റോഡിനോടു ചേർന്നുകിടക്കുന്ന രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍.
റോഡിൽ നിന്നും ആറ് മീറ്ററോളം ഉയരത്തിൽ നില്ക്കുന്ന ഈ വീടുകളുടെ മുൻവശത്തുനിന്നും റോഡിലേക്ക് മണ്ണിടിച്ചിലുണ്ടാകുന്ന നിലയാണ്. റോഡ് നിര്‍മാണത്തിനായി അധികൃതര്‍ ഏറ്റെടുത്ത സ്ഥലത്ത് പാർശ്വഭിത്തി നിർമിക്കാതിരുന്നതാണ് പ്രശ്നമായത്.റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ഇവിടെ കോൺക്രീറ്റ് ചെയ്ത് പാർശ്വഭിത്തി നിർമിക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വാഗ്ദാനമെന്നും അത് പാലിക്കപ്പെടാത്തതാണ് പ്രശ്നമായതെന്നും വീട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പേരേക്കാട്ട് പി.ജി ശ്യാംലാലിന്റെ വീടാണ് കൂടുതൽ അപകടാവസ്ഥയിൽ നിൽക്കുന്നത്. റോഡിൽ നിന്നും രണ്ടുമീറ്റർ മാത്രം അകലത്തിലുള്ള വീടിന് തൊട്ടടുത്തു വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വീടിനു സമീപം മണ്ണിൽ വിള്ളലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വീടും അപകടാവസ്ഥയിലാണ്.
ശക്തമായ ഒരു മഴ പെയ്താല്‍ രണ്ടു വീടുകളും റോഡിലേക്ക് നിലംപൊത്തുമെന്ന അവസ്ഥയാണ്. അപകടാവസ്ഥ കണക്കിലെടുത്ത് രണ്ടു വീട്ടുകാരെയും ഇവിടെ നിന്നും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വാർഡ് അംഗം പി.ഗീത, സ്പെഷ്യൽ വില്ലേജ് ഓഫീസർ ജ്യോതി, അസി.വില്ലേജ് ഓഫീസർ അജിത്ത്, പൊതുമരാമത്ത് അസി.എൻജിനീയർ ജോർജ്, മുൻ പഞ്ചായത്ത് അംഗം മജീദ് എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് രണ്ടു വീട്ടുകാരെയും തത്കാലം മാറ്റി താമസിപ്പിക്കാൻ ധാരണയായത്.