നേതാക്കൾക്കെതിരേ ബോംബെറിഞ്ഞ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
1424109
Wednesday, May 22, 2024 1:48 AM IST
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ നേതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ നേതാക്കളടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരില്‍ ഒരാള്‍ അറസ്റ്റില്‍. ഇരിയ മുട്ടിച്ചരലിലെ സമീര്‍ (30) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി അമ്പലത്തറ ലാലൂരിലെ രതീഷ് എന്ന മാന്തി രതീഷ് (33) ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമുള്ള നരഹത്യാശ്രമത്തിനാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.
സിപിഎമ്മിന്റെ ഗുണ്ടയായിരുന്ന രതീഷ് കുറേ നാളുകളായി പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായി ഉടക്കിലായിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഒരിക്കല്‍ രതീഷിനെ സംഘം ചേര്‍ന്നു മര്‍ദിച്ചു. ഇതിനു പ്രതികാരമെന്നോണം ഡിവൈഎഫ്ഐ അമ്പലത്തറ മേഖല സെക്രട്ടറി അരുണ്‍ ഏഴാംമൈലിനെ രതീഷ് മര്‍ദിച്ചിരുന്നു.
രതീഷ് സമീറിന്റെ വീട്ടിലുണ്ടെന്നു മനസിലാക്കിയ പാര്‍ട്ടി നേതാക്കള്‍, ഇതു ചോദ്യം ചെയ്യാനായി അരുണിനൊപ്പം സിപിഎം അമ്പലത്തറ ലോക്കല്‍ സെക്രട്ടറി അനൂപ്, ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി ബാബുരാജ്, ബാലകൃഷ്ണന് എന്നിവര്‍ക്കൊപ്പം ഇവിടെയെത്തിയപ്പോഴാണ് ഇവര്‍ക്കു നേരെ ബോംബെറിയുന്നത്. ഐസ്ക്രീം ബോളിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ക്കൊപ്പം കുപ്പിച്ചില്ലും മുള്ളാണിയും നിറച്ച് തയാറാക്കിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാല്‍ വലിയ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്.
ഇവര്‍ ഓടിമാറിയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപെട്ടു. അതേസമയം ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ കല്ല് തെറിച്ച് അയല്‍വാസിയായ ആമിനയുടെ കണ്ണിന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും രതീഷിനെ 2018ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതാണെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
രതീഷ് കൊലക്കേസ് പ്രതി
അമ്പലത്തറയിലെ പോസ്റ്റ്മാസ്റ്ററും ആര്‍എസ്എസ് മണ്ഡലം കാര്യവാഹുമായ പി.വി.ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രതീഷ്. 2003 ജൂണ്‍ 23ന് ഉച്ചയ്ക്ക് 12.45ഓടെ അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദാമോദരന്റെ ദേഹത്ത് 17ഓളം വെട്ടുകളാണുണ്ടായിരുന്നത്. രതീഷ് അടക്കം അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിടുകയായിരുന്നു.