വേനൽമഴയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്
1423170
Saturday, May 18, 2024 12:45 AM IST
കാസർഗോഡ്: വേനൽമഴ ശക്തിപ്രാപിക്കുമ്പോൾതന്നെ ജില്ലയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. പുതിയ പാതയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനൊപ്പം നേരത്തേയുണ്ടായിരുന്ന ഓവുചാലുകൾ അടഞ്ഞതും വെള്ളത്തിന് ഒഴുകിപ്പോകാൻ വഴി വിടാത്തതുമാണ് മിക്കയിടത്തും വെള്ളക്കെട്ടിന് കാരണമായത്.
ദേശീയപാത പഴയ നിരപ്പിൽ നിന്നും ഉയർത്തിയ മിക്കയിടങ്ങളിലും സർവീസ് റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലായി.
ഇതോടൊപ്പം സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറി. വേനൽമഴയിൽ തന്നെ ഇങ്ങനെയായാൽ ഇനി വരുന്ന മഴക്കാലത്തെ എങ്ങനെ നേരിടുമെന്നാണ് സമീപപ്രദേശങ്ങളിലുള്ളവരുടെ ആശങ്ക. പാതയുടെയും ഓവുചാലുകളുടെയും പ്രവൃത്തി പൂർത്തിയാകുമ്പോൾ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്നാണ് നിർമാണക്കമ്പനികളുടെ നിലപാട്.
അതിനു മുമ്പ് പ്രശ്നത്തിന് താത്കാലിക പരിഹാരമെങ്കിലും ഉണ്ടാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.