ഈ തടയണകൾ കൊണ്ട് എന്തു പ്രയോജനം..?
1423168
Saturday, May 18, 2024 12:45 AM IST
ഒടയംചാൽ: വേനൽക്കാലം തീരാറാകുമ്പോഴും മലയോര പഞ്ചായത്തുകളിലെ തോടുകളിലും നീർച്ചാലുകളിലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തടയണകൾ നിർമിക്കുന്നതിന്റെ തിരക്ക് തീർന്നിട്ടില്ല.
പരമാവധി വെള്ളം സംഭരിച്ചുനിർത്തി അതത് പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുകയും പരമാവധി വെള്ളം ഭൂമിയിലേക്കിറക്കി ഭൂഗർഭ ജലവിതാനം ഉയർത്തുകയുമൊക്കെയാണ് ലക്ഷ്യമെന്നു പറയുമ്പോഴും വെള്ളം വറ്റി വരണ്ടുകിടക്കുന്ന തോടുകളിൽ പോലും തടയണകൾ നിർമിച്ചിട്ടുണ്ട്.
ശാസ്ത്രീയമായി നിർമിക്കുന്ന ചെക്ക് ഡാമുകളാണെങ്കിൽ മഴക്കാലത്ത് ഇവയിൽ വെള്ളം നിറയുമ്പോൾ പലകകളോ ഷട്ടറുകളോ തുറന്ന് അധികജലം ഒഴുക്കിക്കളയാൻ കഴിയും. എന്നാൽ കല്ലുകളും മണ്ണും മാത്രം കൊണ്ട് നിർമിച്ച കയ്യാലകളുടെ രൂപത്തിലുള്ള ഈ തടയണകളിലേറെയും ആഴ്ചകൾക്കുള്ളിൽതന്നെ മലവെള്ളപ്പാച്ചിലിനൊപ്പം തകർന്നടിയാനാണ് സാധ്യത.
തകർന്നില്ലെങ്കിൽ വെള്ളത്തോടൊപ്പം ഒഴുകിവരുന്ന തടിക്കഷ്ണങ്ങളും മാലിന്യവുമെല്ലാം ഇതിൽ അടിഞ്ഞ് തോടുകൾ കരകവിയാനും സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനും ഇടയാകും. അങ്ങനെയായാൽ ഇവ പൊട്ടിച്ച് വെള്ളം ഒഴുക്കിവിടുകയല്ലാതെ മറ്റു വഴിയുണ്ടാകില്ല.
ഇവയുടെ കല്ലും മണ്ണുമെല്ലാം അടിഞ്ഞ് തോടുകളുടെ ആഴവും ജലസംഭരണശേഷി കുറയാനും ഇടയാകും. വേനലിന്റെ തുടക്കത്തിലാണ് ഇത്തരം ചെറു തടയണകൾ നിർമിച്ചിരുന്നതെങ്കിൽ സ്ഥിരം ചെക്ക് ഡാമുകളിൽ പലകയിടുമ്പോൾ നടക്കുന്നതുപോലെ തോടുകളിലെ വെള്ളം പിടിച്ചുനിർത്തുന്നതിനും സമീപപ്രദേശങ്ങളിലെ ജലവിതാനം ഉയർത്തുന്നതിനും സഹായകമാകുമായിരുന്നുവെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇത് ഇപ്പോൾ കാലം തെറ്റി നടപ്പാക്കുന്നതുകൊണ്ട് ഒരു പ്രയോജനവും കിട്ടാത്ത അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായതുകൊണ്ട് എണ്ണം തികയ്ക്കാനെന്നോണം അടുത്തടുത്തായാണ് പലയിടങ്ങളിലും തടയണകൾ നിർമിച്ചിട്ടുള്ളത്.
ഒരു തോട്ടിൽ നിർമിക്കുന്ന തടയണകൾ തമ്മിൽ പാലിക്കപ്പെടേണ്ട നിശ്ചിത അകലം പോലും പാലിച്ചിട്ടില്ല. വേനൽമഴ പെയ്തുതുടങ്ങിയതോടെ കൃഷിക്ക് നിലമൊരുക്കുന്നതിനും തെങ്ങിന്റെയും കമുകിന്റെയും മറ്റും തടങ്ങൾ തുറന്ന് പരമാവധി വെള്ളം മണ്ണിലേക്കിറക്കുന്നതിനുമൊക്കെ തൊഴിലുറപ്പ് പദ്ധതിയിലെ മനുഷ്യാധ്വാനം പ്രയോജനപ്പെടുത്താവുന്ന സമയമാണ്.
പക്ഷേ ഇനി അതിനുവേണ്ടി പഞ്ചായത്തുകളിൽ പദ്ധതി തയ്യാറാക്കി ജില്ലാതലത്തിൽ അനുമതി ലഭിക്കുമ്പോഴേക്കും മഴക്കാലം ഏതാണ്ട് കഴിയാറാകും.