തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാറിൽ കാട്ടാനക്കലിക്ക് അറുതിയില്ല
1422794
Thursday, May 16, 2024 1:29 AM IST
ഇരിയണ്ണി: തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാർ മേഖലയിൽ കാട്ടാനവിളയാട്ടത്തിന് അറുതിയാവുന്നില്ല. എങ്ങനെയോ വേലി മറികടന്നെത്തിയ രണ്ട് ഒറ്റയാൻമാരാണ് ഇപ്പോൾ ഇവിടത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നത്.
വേലിയിൽ ഇടയ്ക്കിടെ ചാർജ് കുറയുന്നതുമൂലമാണ് ആനകൾക്ക് മറികടക്കാൻ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ ഇനി വേലി നിർമിക്കാൻ ബാക്കിയുള്ള ഭാഗത്തുകൂടിയാകാം ഇവ കാടിറങ്ങിവന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
വേലിക്കു സമീപം കൂടുതൽ ആനകളുടെ സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവ വേലി കടക്കാതിരിക്കാൻ കർഷകരും നിതാന്ത ജാഗ്രതയിലാണ്. വേലികടന്നെത്തി ഒരാഴ്ചയായി ഇരിയണ്ണി വനത്തിൽ തമ്പടിച്ചിരിക്കുന്ന ഒറ്റയാൻ കഴിഞ്ഞ ദിവസം ഇരിയണ്ണി ദർഘാസിലെ കെ.നാരായണൻ നായരുടെ കൃഷിയിടത്തിലെ ജലസേചന പൈപ്പുകളും തെങ്ങുകളും കമുകുകളും വാഴകളും നശിപ്പിച്ചു.
സമീപപ്രദേശങ്ങളായ അരിയിൽ, ചെറ്റത്തോട്, തീയടുക്കം, വളപ്പാറ എന്നിവിടങ്ങളിലും വ്യാപകമായി കൃഷിനാശം വരുത്തിയിട്ടുണ്ട്.മറ്റൊരാന മുളിയാർ ഭാഗത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂളുകൾ തുറക്കാറായതോടെ കഴിഞ്ഞ വർഷത്തേതുപോലെ ഇക്കൊല്ലവും ആനയെ പേടിച്ച് കുട്ടികളെ ഒറ്റയ്ക്ക് വിടാനാകാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്കയും തുടങ്ങിയിട്ടുണ്ട്. ആനകളെ തുരത്താൻ ഇപ്പോൾ മറ്റ് വഴികൾ തേടുകയാണ് ഇവിടുത്തെ നാട്ടുകാർ.